കോഴഞ്ചേരി:
കോവിഡ്കാലത്ത് തിരശ്ശീല വീണ അരങ്ങുകളിലെ കലാകാരന്മാർക്ക് സഹായം നൽകുന്ന പദ്ധതിയുടെ ഭാഗമായി ‘മഴ മിഴി’ വെബ് കാസ്റ്റിങ്ങിനുള്ള ചിത്രീകരണം തുടങ്ങി. വഞ്ചിപ്പാട്ടിൻ്റെ ചിത്രീകരണത്തോടെയായിരുന്നു തുടക്കം. പുല്ലാട് ഉള്ളൂർക്കാവ് ഭദ്രകാളി ക്ഷേത്രാങ്കണത്തിൽ കലാകാരന്മാരെ ആദരിച്ച് ജില്ല പഞ്ചായത്ത് അംഗം സാറാ തോമസ് പദ്ധതിക്ക് തുടക്കമിട്ടു.
സാംസ്കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്ലോർ അക്കാദമി, ലളിതകലാ അക്കാദമി, ഗുരു ഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ഭാരത്ഭവനാണ് മഴമിഴി എന്ന മൾട്ടിമീഡിയ മെഗാ സ്ട്രീമിങ് ലോക മലയാളികൾക്കായി ഒരുക്കുന്നത്. ജീവകാരുണ്യ ദിനമായ ഈ മാസം 28 മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെ 65 ദിവസം നീണ്ടുനിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 കലാരൂപങ്ങളിൽ മൂവായിരത്തഞ്ഞൂറോളം കലാസംഘങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അവസരം.
വിവിധ അക്കാദമികളുടെ മേൽനോട്ടത്തിലുള്ള ജൂറി പാനലാണ് കലാസംഘങ്ങളെ തെരഞ്ഞെടുക്കുന്നത്. samskarikam.org എന്ന വെബ്പേജിലൂടെ രാത്രി ഏഴുമുതൽ ഒമ്പതുവരെയാണ് വെബ്കാസ്റ്റിങ്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കുമുള്ള ചിത്രീകരണങ്ങളുടെ തുടക്കമാണ് തിങ്കളാഴ്ച മഴമിഴിയിലൂടെ തുടങ്ങിയത്.
ചടങ്ങിൽ പള്ളിയോട പ്രതിനിധി വിനു മോഹനെ ജില്ല പഞ്ചായത്ത് അംഗം സാറാ തോമസ് പൊന്നാട അണിയിച്ചു. കോയിപ്രം പഞ്ചായത്ത് അംഗം എൻ.സി. രാജേന്ദ്രൻ, കോഴഞ്ചേരി പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, ഭാരത് ഭവൻ ഭരണ നിർവാഹക സമിതി അംഗങ്ങളായ റോബിൻ സേവ്യർ, മധു കൊട്ടാരത്തിൽ, പ്രോജക്ട് കോഓഡിനേറ്റർ അനു പ്രവീൺ എന്നിവർ പങ്കെടുത്തു.