Sun. Jan 19th, 2025

ഫോർട്ട്കൊച്ചി∙

പശ്ചിമകൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളും ഫോർട്ട്കൊച്ചി ബീച്ചും തുറക്കാത്തത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കു തിരിച്ചടിയായി. ജൂതപ്പള്ളി ഇന്നലെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പൊലീസിന്റെ ഇടപെടൽ മൂലം തുറക്കാൻ കഴിഞ്ഞില്ല.

സർക്കാരിന്റെ ഉത്തരവ് ലഭിക്കാതെ തുറക്കാൻ പാടില്ലെന്നു പൊലീസ് അറിയിച്ചതായി ജൂതപ്പള്ളി അധികൃതർ അറിയിച്ചു. ബീച്ചിലേക്ക് ഇന്നലെ വിനോദ സഞ്ചാരികളും നാട്ടുകാരും എത്തിയെങ്കിലും പൊലീസും സെക്ടറൽ മജിസ്ട്രേട്ടും ഇടപെട്ട് അവരെയെല്ലാം തിരിച്ചയച്ചു.

ബീച്ചുകൾ അടക്കമുള്ള തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങളും പൈതൃക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കാമെന്ന് ടൂറിസം മന്ത്രിയുടെ പ്രസ്താവനയെ തുടർന്നു വലിയ പ്രതീക്ഷയിലായിരുന്നു ഹോംസ്റ്റേ സംരംഭകരും വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരും.

എന്നാൽ, രേഖാമൂലമുള്ള ഉത്തരവ് ലഭിക്കാത്തതിനാൽ അനുമതി നൽകാനാവില്ലെന്നാണു പൊലീസിന്റെ നിലപാട്. ടൂറിസം വകുപ്പു മുൻകൈയെടുത്ത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കു വാക്സിനേഷൻ മേള സംഘടിപ്പിച്ചിരുന്നു.

വാക്സീൻ എടുത്തവരെ പ്രവേശിപ്പിക്കാവുന്ന വിധത്തിൽ ടൂറിസം കേന്ദ്രങ്ങൾ തുറന്നു കൊടുക്കാനുള്ള സർക്കാരിന്റെ തീരുമാനം നടപ്പാക്കുമ്പോൾ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളെ ഒഴിവാക്കിയതിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതിഷേധിച്ചു.

ഈ സർക്കാർ വന്നതിനു ശേഷം ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ചു 3 യോഗങ്ങൾ നടത്തി. ടൂറിസം മന്ത്രി ഫോർട്ട്കൊച്ചി സന്ദർശിച്ചു. ഹോംസ്റ്റേ കെട്ടിടങ്ങളുടെ നികുതി കുറച്ചു സർക്കാർ ഉത്തരവ്  ഇറക്കി.

ടൂറിസം വകുപ്പ് ഈ മേഖലയോടു മൃദു സമീപനം കൈക്കൊള്ളുമ്പോൾ അതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ പിന്മാറണമെന്ന് ഹോംസ്റ്റേ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി ജോസഫ് ഡൊമിനിക് ആവശ്യപ്പെട്ടു.

By Rathi N