Fri. Apr 26th, 2024

കാക്കനാട്∙

തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം അത്യാധുനിക രീതിയിൽ നവീകരിച്ചു സ്പോർട്സ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതിയുമായി നഗരസഭ. ഫുട്ബോൾ ഗ്രൗണ്ട്, അത്‍ലറ്റിക് ട്രാക്ക്, ബാഡ്മിന്റൺ–വോളിബോൾ കോർട്ടുകൾ, ജിംനേഷ്യം തുടങ്ങിയവ ഉൾപ്പെടുന്ന സ്പോർട്സ് അക്കാദമി മികച്ച പരിശീലന കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.

നിർമാണ ചുമതല ഏൽപ്പിക്കാൻ ഊരാലുങ്കൽ സൊസൈറ്റി ഉൾപ്പെടെ വൻകിട ഏജൻസികളെയാണ് പരിഗണിക്കുന്നത്. സ്റ്റേഡിയത്തിനു സമീപത്തെ റവന്യു പുറമ്പോക്കു കൂടി പ്രയോജനപ്പെടുത്തിയാകും വികസനം. കൊച്ചിയിൽ നടക്കുന്ന വിവിധ കായിക മൽസരങ്ങളിൽ ചിലതിനെങ്കിലും ഭാവിയിൽ തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം വേദിയാക്കുകയാണ് ലക്ഷ്യം.

ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്. ജില്ലാ ആസ്ഥാനവും ഐടി മേഖലയുമായ ഇവിടെ സംസ്ഥാന നിലവാരത്തിലുള്ള സ്റ്റേഡിയം വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ മുൻ ഭരണ സമിതികൾ തീരുമാനിച്ചിരുന്നെങ്കിലും നടപടി പുരോഗമിച്ചില്ല.

നഗരസഭാ ഫണ്ടിനു പുറമേ എംപി, എംഎൽഎ ഫണ്ടും ഇതര ഏജൻസികളിൽ നിന്നുള്ള സഹായവും സ്പോർട്സ് കൗൺസിൽ ഫണ്ടും ഇതിനായി കണ്ടെത്തുമെന്ന് നഗരസഭ വിദ്യാഭ്യാസ–കായിക സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചിയും സ്റ്റേഡിയം വാർഡ് കൗൺസിലർ ഉണ്ണി കാക്കനാടും പറഞ്ഞു.

By Rathi N