Sat. Apr 20th, 2024
ആയൂർ:

ആറുവയസ്സുകാരി അനുജയ്ക്കു സ്വന്തം കാലിൽ നിൽക്കണമെങ്കിൽ സുമനസ്സുകളുടെ കാരുണ്യം ഉണ്ടാകണം. ശരീരത്തിലെ മസിലുകളുടെ പ്രവർത്തനത്തെ നശിപ്പിക്കുന്ന മസ്കുലർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചതിനാൽ ഒന്നാം ക്ലാസുകാരിക്ക് അധികം നടക്കാനോ ഇരിക്കാനോ കഴിയില്ല. ജനിതകപരമായ അസുഖത്തിനു ഇപ്പോൾ വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

തേവന്നൂർ ബിജു വിലാസത്തിൽ ബിജുവിന്റെ മകളായ അനുജയ്ക്ക് ഒന്നര വർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. ലോട്ടറി വിൽപനക്കാരനായ പിതാവ് ബിജുവും ഇതേ രോഗത്തിനു ചികിത്സയിലാണ്.
ഇപ്പോൾ ബിജുവിന്റെ ജീവിതം വീൽചെയറിന്റെ സഹായത്തോടെയാണ് മുന്നോട്ടു പോകുന്നത്.

തന്റെ അവസ്ഥ മകൾക്ക് ഉണ്ടാകാതിരിക്കാൻ മികച്ച ചികിത്സ നൽകണമെന്നാണു കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ ഇതിനു വേണ്ട ഭാരിച്ച തുക കണ്ടെത്താൻ കുടുംബത്തിനു കഴിയുന്നില്ല. കോവിഡ് സാഹചര്യം വന്നതോടെ ബിജുവിന് ഇപ്പോൾ ലോട്ടറി വിൽപനയ്ക്കു പോകാൻ കഴിയുന്നില്ല. ബിജുവിന്റെ പിതാവ് കൂലിവേലക്കാരനായ നടേശൻആചാരിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. നെഞ്ചു വേദനയെ തുടർന്ന് ഇദ്ദേഹം ആശുപത്രിയിൽ ആയതോടെ ഇതും നിലച്ചു.

അനുജയുടെ അസുഖം ഭേദമാകാൻ ദീർഘ നാളത്തെ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാൻ ഇളമാട് കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷരമുറ്റം ചാരിറ്റബിൾ സൊസൈറ്റി, തേവന്നൂർ യുവധാര ഗ്രന്ഥശാല എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ ചികിത്സാ നിധി രൂപീകരിച്ചു. പിതാവ് ബിജുവിന്റെ പേരിൽ ഇന്ത്യൻ ബാങ്ക് ആയൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ 610890602. ഐഎഫ്എസ്‌സി കോഡ്: IDIB000A155. ഫോൺ: 9947869285.

By Divya