മരുതറോഡ്:
കാട്ടിൽനിന്ന് കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പൻ നാടുവിറപ്പിച്ചത് നാലുമണിക്കൂർ. ദേശീയപാതയോട് ചേർന്ന് ചന്ദ്രനഗറിലെ ജനവാസമേഖലയിൽ എത്തിയാണ് കാട്ടാനയുടെ ആക്രമണം.
കൊട്ടേക്കാട് ചെമ്മണംകാട് ഭാഗത്തുനിന്ന് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കൂട്ടംതെറ്റിയ കുട്ടിക്കൊമ്പൻ പിരിവുശാല ആലമ്പള്ളം വഴി ജനവാസമേഖലയിലൂടെ ചന്ദ്രനഗറിലെത്തിയത്. സ്വകാര്യ ഹോട്ടലിന്റെ ചുറ്റുമതിൽ തകർത്തു.
വന്ന വഴിയിൽ ചെമ്മണംകാട് തെക്കേക്കുന്നത്ത് രഞ്ജിത്, ബിജു എന്നിവരുടെ ബൈക്കും അഭിലാഷിന്റെ കാറും നശിപ്പിച്ചു. പിരിവുശാലയിലെ കന്യാസ്ത്രീ മഠത്തിന്റെ മതിലും ഗേറ്റും തെക്കേക്കുന്നത്ത് ജയദേവൻ, ശിവൻ എന്നിവരുടെ മതിലും ആന തകർത്തു.
പുലർച്ചെ നാലോടെ ചെമ്മണംകാട്ടിലേക്ക് ആന മടങ്ങി. ജനം പുറത്തിറങ്ങാത്തതിനാൽ വൻ അപകടം ഒഴിവായി. ആനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
മലമ്പുഴ മണ്ഡലത്തിലെ ജനവാസമേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ പ്രഭാകരൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ മരുതറോഡ്, മലമ്പുഴ പഞ്ചായത്തുകളിൽ ആനയും പുലിയും ഇറങ്ങിയ വിഷയം അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.