Mon. Dec 23rd, 2024
മലയിൻകീഴ്:

ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം. ഷീറ്റു മേഞ്ഞ കെട്ടിടം പൂർണമായി അഗ്നിക്കിരയായി. യന്ത്രങ്ങളും തടികളും കത്തി നശിച്ചു. 30 ലക്ഷത്തിന്റെ നഷ്ടമെന്നു ഉടമ.

രക്ഷാപ്രവർത്തനത്തിനിടെ 2 ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു. അന്തിയൂർക്കോണം ശശി ഭവനിൽ ശശികുമാറിന്റെ (63) ഉടമസ്ഥതയിൽ അന്തിയൂർക്കോണം പാലത്തിനു സമീപം പ്രവർത്തിക്കുന്ന ഫർണിച്ചർ മാർട്ടിൽ ഇന്നലെ പുലർച്ചെ 4ന് ആണ് അപകടം. റോഡിലൂടെ പോയ യാത്രക്കാരനാണു കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. കാട്ടാക്കട, ചെങ്കൽ ചൂള എന്നിവിടങ്ങളിലെ ഫയർഫോഴ്സ് മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.

കാട്ടാക്കട സ്റ്റേഷനിലെ ഫയർ റെസ്ക്യു ഓഫിസർമാരായ മനോജ് മോഹൻ, ഡബ്ല്യു.എസ്. വിനു എന്നിവർക്കാണ് കാലിൽ പൊള്ളലേറ്റത്. വിൽക്കാനായി തയാറാക്കിയ കട്ടിള, ജനൽ അടക്കമുള്ളവയും ലക്ഷങ്ങൾ വിലയുള്ള തടികളും നശിച്ചു. സ്ഥാപനം പ്രവർത്തിച്ചിരുന്ന ഷീറ്റു മേഞ്ഞ കെട്ടിടം പൊളിഞ്ഞു വീണു. അപകട കാരണം വ്യക്തമല്ല.

സാമൂഹികവിരുദ്ധർ കത്തിച്ചതെന്നു ഉടമ ശശികുമാർ സംശയിക്കുന്നു. മലയിൻകീഴ് പൊലീസിൽ പരാതി നൽകി. കാട്ടാക്കട ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ എസ്‌ തുളസീധരന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

By Divya