Thu. Dec 19th, 2024

കാക്കനാട്∙

തെരുവു നായ്ക്കളെ കൂട്ടക്കുരുതി ചെയ്തതിന്റെ വിവാദം നിലനിൽക്കുമ്പോഴും പെരുകുന്ന തെരുവു നായ്ക്കളെ എങ്ങനെ നിയന്ത്രിക്കുമെന്ന കാര്യത്തിൽ തല പുകയ്ക്കുകയാണ് തൃക്കാക്കര നഗരസഭ.തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ബ്രഹ്മപുരത്തു 5 ഏക്കർ സ്ഥലം വാങ്ങാനാണ് ആലോചന.

ഇക്കാര്യം കഴിഞ്ഞ ദിവസം നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. കാക്കനാട്ട് പൊതു സ്ഥലങ്ങളിൽ തെരുവു നായ് കൂട്ടങ്ങൾ പെരുകുകയാണ്. പലതും യാത്രക്കാർക്കെതിരെ കുരച്ചു ചാടുന്നു. വാഹനങ്ങളുടെ പിന്നാലെ പായുന്നു.

ചിലർ നായയുടെ ആക്രമണത്തിന് ഇരയാകു ന്നു. കലക്ടറേറ്റ് വളപ്പിൽ പലപ്പോഴും തെരുവു നായ്ക്കളുടെ ‘ജാഥ’ അരങ്ങേറുന്നു. വളപ്പിലെ നടപ്പാതകളിലും പരേഡ് ഗ്രൗണ്ടിലുമൊക്കെ കൂട്ടത്തോടെയാണ് ഇവയുടെ വിലസൽ.

കലക്ടറേറ്റിലെത്തുന്നവരും നായയുടെ ആക്രമണത്തിനു വിധേയരാകാറുണ്ട്. ഇവിടെ ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങളുടെ അടിയിലാണ് നായ്ക്കളുടെ സുഖവാസം.  പ്രസവിച്ചു കിടക്കുന്ന തെരുവു നായ്ക്കളെയും പൊതു ഇടങ്ങളിൽ കാണാം.

കുഞ്ഞുങ്ങൾക്കൊപ്പമാണ് പൊതുനിരത്തുകളിൽ ഇവയുടെ പ്രകടനം. നായ്ക്കളെ കൊല്ലുന്നതു നിയമ വിരുദ്ധമാണെങ്കിൽ മറ്റെന്തെങ്കിലും പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം.

തെരുവു നായ്ക്കൾക്കു  ഫീഡിങ് സ്പോട്ടിനു യോജിച്ച സ്ഥലം നിർദേശിക്കാൻ തൃക്കാക്കര നഗരസഭയോടു ഹൈക്കോടതി നിർദേശിച്ചിരുന്നു. മൃഗ ക്ഷേമ സംഘടനകളുടെ സഹായത്തോടെ തെരുവു നായ്ക്കളെ പിടികൂടി  കേന്ദ്രത്തിലെത്തിക്കുകയാണ് ലക്ഷ്യം.

By Rathi N