Sun. Sep 8th, 2024

ആലപ്പുഴ:

പുന്നമട ഫിനിഷിങ് പോയിന്റിലേക്കുള്ള വഴിയിൽ വീണ്ടും ആളനക്കം. കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ കായൽ സജീവം‌.

ഉത്തരവ്‌ തിങ്കളാഴ്‌ച വന്നാൽ ചൊവ്വാഴ്‌ച ബീച്ച്‌ തുറക്കും. സഞ്ചാരികളിൽനിന്ന്‌ നല്ല പ്രതികരണമാണെന്ന്‌ ഡിടിപിസി സെക്രട്ടറി മാലിൻ മുരളീധരൻ  പറഞ്ഞു. കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്താൻ കർശന നിരീക്ഷണം നടത്തുന്നുണ്ട്‌.

ഇതിനായി  ഡിടിപിസി രണ്ടു പരിശോധനാ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്‌.  പുരവഞ്ചികളും ശിക്കാര വള്ളങ്ങളും വെള്ളിയാഴ്‌ച മുതൽ ഓടിത്തുടങ്ങിയിരുന്നു. പുരവഞ്ചികൾ ഒഴുകിയതോടെ സഞ്ചാരികളും പ്രവഹിച്ചു.
കേരളത്തിലുള്ളവരാണ്‌സഞ്ചാരികളിലധികവും.

വെളളിയാഴ്‌ച 35 പുരവഞ്ചികളാണ്‌ ഓടിയതെങ്കിൽ ശനിയാഴ്‌ച അത്‌ 140 ആയി ഉയർന്നു. തിങ്കളാഴ്‌ച 80 എണ്ണം ഓടി. ഫിനിഷിങ് പോയിന്റിൽനിന്ന്‌ 58 ഉം പള്ളാത്തുരുത്തിയിൽ നിന്ന്‌ 22 ഉം. ശിക്കാര ശനിയാഴ്‌ചയും തിങ്കളാഴ്‌ചയും 35 വീതം ഓടി.

ഫിനിഷിങ്‌ പോയിന്റിലും പള്ളാത്തുരുത്തിയിലുമാണ്‌ പരിശോധന കേന്ദ്രങ്ങൾ‌. ഇവിടെനിന്ന്‌ ലഭിക്കുന്ന ബോർഡിങ്‌ പാസ്‌ ഉണ്ടെങ്കിലേ കായലിലേക്ക്‌ പ്രവേശിക്കാനാകൂ.

ശിക്കാര വള്ളങ്ങൾക്കായി ഡിടിപിസി ഓഫീസിലും കൗണ്ടറുണ്ട്‌. ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഉണ്ടോയെന്നും അല്ലെങ്കിൽ ഒരു ഡോസ്‌ എങ്കിലും വാക്‌സിൻ എടുത്തോയെന്നുമാണ്‌ പരിശോധിക്കുന്നത്‌.

ബോർഡിങ്‌ പാസ്‌ എടുത്തോയെന്ന്‌ പൊലീസ്‌ പരിശോധിക്കുന്നുമുണ്ട്‌ . ജീവനക്കാർക്കെല്ലാം വാക്‌സിനെടുത്തിരുന്നു.

By Rathi N