ഏറ്റുമാനൂർ:
ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല. പൊളിച്ചു നീക്കിയ ഇന്റർലോക്ക് കട്ടകൾ വഴിയരികിൽ അനാഥമായി. കാടുകയറി നശിക്കുന്നത് ലക്ഷങ്ങൾ വില മതിക്കുന്ന ഇന്റർലോക്ക് കട്ടകൾ.
ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ ഏറ്റുമാനൂർ – പാലാ റോഡിലെ നടപ്പാതയ്ക്കാണ് ഈ ദുര്യോഗം. ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തെ നടപ്പാതയാണ് തകരാറിലായത്. റോഡ് നവീകരിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പ് പാകിയതാണ് ഇന്റർലോക്ക്.
ഏറ്റുമാനൂർ ശുദ്ധജല പദ്ധതിയുടെ ഭാഗമായ പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് ഇന്റർലോക്കുകൾ മാറ്റി പാത കുഴിച്ച് പൈപ്പ് ഇട്ടത്. ഇവിടം പിന്നീട് മണ്ണിട്ട് മൂടിയെങ്കിലും ഇന്റർലോക്ക് കട്ടകൾ പുനഃസ്ഥാപിച്ചില്ല. വഴിയരികിൽ ഉപേക്ഷിച്ച ഇവ കാടുകയറി മൂടി തുടങ്ങി. ഏറ്റുമാനൂർ കോണിക്കൽ, പുന്നുത്തറ, മങ്കരക്കലുങ്ക് പ്രദേശത്ത് 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാതയാണ് താറുമാറാക്കിയത്.
2020 ഏപ്രിലിൽ റോഡ് നവീകരിച്ച് 6 മാസത്തിനുള്ളിലാണ് പാത കുത്തിപ്പൊളിച്ചത്. മഴക്കാലങ്ങളിൽ റോഡിന്റെ വശം ചെളിക്കളമാകും. വാഹനങ്ങൾ ചെളിയിൽ പുതഞ്ഞു യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നതായി പരാതിയുണ്ട്.