തിരുവനന്തപുരം:
കോവിഡ് ചികിത്സയുടെ പേരിൽ സംസ്ഥാനത്തെ ഹോമിയോ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭനത്തിലാക്കിയ സർക്കാർ നടപടിക്കെതിരെ വിദ്യാർഥികൾ പ്രക്ഷോഭത്തിലേക്ക്. ഹോമിയോ മെഡിക്കൽ കോളേജുകളെ കോവിഡ് ചികിത്സക്കുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്മൻെറ് സെന്ററാക്കുകയായിരുന്നു.
ഇതുകാരണം ഒന്നരവർഷത്തോളമായി ഹോമിയോ പി ജി, യു ജി വിദ്യാർഥികളുടെ പഠനം നിലച്ച മട്ടിലാണ്. വിദ്യാർഥികൾക്ക് കോഴ്സിൻെറ ഭാഗമായുള്ള അനാട്ടമി, ഫിസിയോളജി ക്ലിനിക്കൽ പരിശീലനങ്ങൾ നടത്താൻ കഴിയുന്നില്ല. അലോപ്പതി മേഖലയിൽ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ പഠനങ്ങൾ പുനരാരംഭിച്ചപ്പോൾ പരിമിത കെട്ടിട സൗകര്യമുള്ള ഹോമിയോപ്പതി മെഡിക്കൽ കോളേജുകളെ കോവിഡ് ചികിത്സ കേന്ദ്രമാക്കുകയായിരുന്നു.
ഹോമിയോപ്പതി ഹൗസ് സർജൻമാരുടെയും പി ജി ഡോക്ടർമാരുടെയും മെഡിക്കൽ ഓഫിസർമാരുടെയും സേവനങ്ങൾ ഇവിടെ ഉപയോഗപ്പെടുത്തുന്നുവെങ്കിലും ഇവർക്ക് തത്തുല്യമായ വേതനം പോലും ലഭിക്കുന്നില്ല. ഇവിടെ ഹോമിയോപ്പതി മരുന്നുകൾ കൊടുക്കാൻ അനുവാദവും ഇല്ല. പൂർണമായും അലോപ്പതി മരുന്നുകൾ മാത്രമാണ് ഹോമിയോപ്പതി ഡോക്ടർമാർ ഉൾപ്പെടെ കൊടുക്കേണ്ടത്.
നാലരവർഷം ഹോമിയോപ്പതി പഠിച്ച് ഹൗസ് സർജൻസിയും പി ജിയും ചെയ്യുന്ന വിദ്യാർഥികളുടെ ആത്മവിശ്വാസം ചോർത്തിക്കളയുന്ന നടപടിയാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച തിരുവനന്തപുരം ഗവ ഹോമിയോ മെഡിക്കൽ കോളേജിൽ വിദ്യാർഥികൾ ഉപവാസ സമരം നടത്തും. ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്യും.