Sat. Apr 20th, 2024
കൊല്ലം:

ആശ്രാമത്തെ ഹോക്കി സ്റ്റേഡിയത്തിൻ്റെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കും ഭരണാനുമതി. ജില്ലാ സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ട നവീകരണ പ്രവർത്തനങ്ങൾക്കാണു സംസ്ഥാന സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചത്. സ്റ്റേഡിയത്തിനു ചുറ്റുമുള്ള വേലി നന്നാക്കൽ, ശുചിമുറികളുടെയും ഗാലറിയുടെയും അറ്റകുറ്റപ്പണി, സ്റ്റോർറൂമുകളുടെ നവീകരണം, ഗേറ്റ് നിർമാണം, ഇലക്ട്രിക്കൽ ജോലികൾ തുടങ്ങിയവയ്ക്കു സാങ്കേതിക അനുമതി ലഭിച്ചു. ടെൻഡർ നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

നിലവിൽ സ്റ്റേഡിയത്തിൽ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അറ്റകുറ്റപ്പണി എന്നു തുടങ്ങാനാകുമെന്ന് അറിയിച്ചാൽ അതിനനുസരിച്ചു മറ്റു ക്രമീകരണങ്ങൾ നടത്താമെന്നാണു സ്പോർട്സ് ഡയറക്ടറേറ്റിന്റെ ചീഫ് എൻജിനീയർ ജില്ലാ സ്പോർട്സ് കൗൺസിലിനു നൽകിയ കത്തിൽ പറയുന്നത്. സംസ്ഥാനത്തെ ഏക പൊതു ഹോക്കി സ്റ്റേഡിയമാണു കൊല്ലം ആശ്രാമത്തേത്.

ദേശീയ ഗെയിംസിനു വേണ്ടിയാണ് ആറ് വർഷം മുൻപ് 18.5 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയത്. കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർആയതിനാൽ കഴിഞ്ഞ ഒന്നര വർഷമായി സിന്തറ്റിക് ടർഫിന്റെ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്. സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും കാടുപിടിച്ചു തുടങ്ങി.

By Divya