Wed. Jan 22nd, 2025
വിതുര:

ബോണക്കാട്ടെ റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിൽ വണ്ടുകളെയും പുഴുക്കളെയും കണ്ടെത്തി മണിക്കൂറുകൾക്കകം നടപടി എടുത്ത് അധികൃതർ. കടയിൽ നിന്നും പരാതിക്കു കാരണമായ മുഴുവൻ സ്റ്റോക്കും തിരിച്ചെടുക്കുകയും പുതിയ സാധനങ്ങൾ എത്തിക്കുകയും ചെയ്തതായി നെടുമങ്ങാട് സപ്ലൈ ഓഫിസർ അറിയിച്ചു.

അരിയിൽ വണ്ടുകളെയും പുഴുക്കളെയും കണ്ടതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. തുടർന്നാണു അടിയന്തര നടപടി ഉണ്ടായത്.

ബോണക്കാട്ടെ എ ആർ ഡി 245 നമ്പർ റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത അരിയിലായിരുന്നു പ്രശ്നം. അരി പഴകിയതാണെന്നു കാർഡ് ഉടമകൾ ആരോപിച്ചു. മുൻപു ഇതിനു സമാനമായ കേടായ അരി ഈ കടയിൽ നിന്നും വിതരണം ചെയ്തിട്ടുണ്ടെന്നു ആരോപണം ഉണ്ട്.

ബോണക്കാട് തോട്ടം തൊഴിലാളി മേഖലയിലെ ലയങ്ങളിൽ ഉള്ളവരാണു ഭൂരിഭാഗവും ഇവിടെ നിന്നും റേഷൻ വാങ്ങുന്നത്. ഉപയോഗശൂന്യമായ ഇത്തരം അരിയാണ് മുൻഗണനാ വിഭാഗത്തിലുള്ളവർക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ലഭിക്കുന്നതെന്ന് ലയങ്ങളിൽ ഉള്ളവർ പറഞ്ഞു. വർഷങ്ങളായുള്ള അടച്ചിടൽ മൂലം ദുരിതം അനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്കാണു മോശം അരി വിതരണം ചെയ്തത്.

By Divya