Sat. May 4th, 2024
കണ്ണൂർ:

ഗ്രന്ഥശാലകളും വായനശാലകളും വിനോദ വിജ്ഞാന വികസന കേന്ദ്രമാക്കാൻ സമഗ്രപദ്ധതി. ജില്ലാ ലൈബ്രറി കൗൺസിലും ഡോ വി ശിവദാസൻ എംപിയും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക. ഗ്രന്ഥശാലാ പ്രസ്ഥാനം 75 വർഷം പിന്നിടുമ്പോൾ ജില്ലയിൽ ഗ്രന്ഥാലയങ്ങളുടെയും വായനശാലകളുടെയും എണ്ണത്തിൽ വർദ്ധനയുണ്ടായെങ്കിലും എല്ലാ പ്രദേശത്തും വായനശാലകളില്ലെന്ന കണ്ടെത്തലിലാണ്‌ പ്രത്യേക മിഷൻ രൂപീകരിച്ച്‌ പ്രവർത്തനം ആരംഭിക്കുന്നത്‌.

ജില്ലയിൽ മികച്ച ഗ്രന്ഥശാലകളുള്ള തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിലും തീരദേശ, മലയോര, ആദിവാസി മേഖലകളിൽ ഇത്‌ വിരളമാണെന്ന്‌ കണ്ടെത്തിയിരുന്നു. ഡിജിറ്റൽ ഫ്ലാറ്റ്‌ഫോമിലേക്ക്‌ ഉയർത്തപ്പെടാത്തത്‌, ഉപകരണങ്ങളുടെയും പുസ്‌തകങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം എന്നിവ മിക്ക വായനശാലകളും അഭിമുഖീകരിക്കുന്നുവെന്ന കണ്ടെത്തലും പദ്ധതിക്ക്‌ പിന്നിലുണ്ട്‌. വായനശാലയില്ലാത്ത വാർഡിൽ ഒന്നെങ്കിലും സ്ഥാപിക്കും.

കെട്ടിടം ഇല്ലാത്തവയ്‌ക്ക്‌ കെട്ടിടം സജ്ജമാക്കുക, പത്തുസെന്റിൽ കുറവ്‌ ഭൂമിയുള്ള സ്ഥാപനങ്ങൾക്ക്‌ കുറഞ്ഞത്‌ 30 സെന്റെങ്കിലും ലഭ്യമാക്കുക, മുഴുവൻ സ്ഥാപനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ കൊണ്ടുവരിക തുടങ്ങിയ പ്രവർത്തനങ്ങളാണ്‌ സംഘടിപ്പിക്കുക. ആദിവാസി, പിന്നോക്ക മേഖലയിൽ ഒരേക്കർ സ്ഥലം കണ്ടെത്തി കെട്ടിടം, പാർക്ക്‌, കളിസ്ഥലം എന്നിവയോടുകൂടിയ വായനശാലകൾ സ്ഥാപിക്കും. സർക്കാരിന്റെ വിവിധ വകുപ്പുകൾ, എംപിയുടെയും എംഎൽഎയുടെയും പ്രാദേശിക വികസന ഫണ്ട്‌, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട്‌, ധനകാര്യ സ്ഥാപനങ്ങൾ, വിവിധ സ്ഥാപനങ്ങളുടെ സിഎസ്‌ആർ ഫണ്ടുകൾ, സന്നദ്ധസംഘടനകൾ എന്നിവയിൽനിന്നുള്ള ധനസഹായം എന്നിങ്ങനെ വിഭവസമാഹരണം നടത്തിയാണ്‌ മിഷന്റെ പ്രവർത്തനം .

ജില്ലാ ലൈബ്രറി കൗൺസിൽ കേന്ദ്രമായി ജില്ലാ മിഷൻ പ്രവർത്തിക്കും. ഡോ വി ശിവദാസൻ എംപി ചെയർമാനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ എന്നിവർ വൈസ്‌ചെയർമാനും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ കൺവീനറും ടി കെ ഗോവിന്ദൻ കോ–ഓഡിനേറ്ററുമായാണ്‌ ജില്ലാ മിഷൻ രൂപീകരിച്ചത്‌. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ പ്രാദേശിക മിഷനും ഉപസമിതികളും രൂപീകരിക്കും.