കാക്കനാട്:
ജില്ലയിലെ റവന്യൂ ഡിവിഷൻ ഓഫിസുകളിൽ റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. കലക്ടർ ജാഫർ മാലിക്, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഭൂമി തരംമാറ്റം സംബന്ധിച്ച രേഖകളും ഫയലുകളുമാണ് പരിശോധിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ 10 ഓടെ ആരംഭിച്ച പരിശോധന രാത്രി വൈകിയും നീണ്ടു.
കലക്ടറുടെയും എ.ഡി.എമ്മിന്റെയും നേതൃത്വത്തിൽ രണ്ട് സംഘമായി തിരിഞ്ഞാണ് ജില്ലയിലെ റവന്യൂ ഡിവിഷൻ ഓഫിസുകളായ ഫോർട്ട്കൊച്ചിയിലും മൂവാറ്റുപുഴയിലും പരിശോധന നടത്തിയത്. ഓരോ സംഘത്തിലും ഒരു സൂപ്രണ്ടും നാല് ക്ലർക്കുമാരുമുണ്ടായിരുന്നു.
കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ തിങ്കളാഴ്ച ആർ.ഡി ഓഫിസുകളിൽ പരിശോധന നടത്തുമെന്ന് നേരേത്ത വാർത്ത വന്നിരുന്നു. അതിനിടെയാണ് മിന്നൽ പരിശോധന നടന്നത്.ഭൂമി തരംമാറ്റത്തിന് ലഭിച്ച അപേക്ഷകളിൽനിന്ന് 25 സെൻറിൽ താഴെയുള്ളവയുടെ കണക്കെടുത്തതായാണ് വിവരം.
ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് മെഗാ അദാലത്തുകൾ നടത്തുന്നത് പരിഗണനയിലിരിക്കെയാണ് നടപടി. ശക്തമായ ഇടപെടലോടെയായിരുന്നു ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ കലക്ടർ ജാഫർ മാലിക്കിെൻറ മിന്നൽപരിശോധന.
ഫയലുകൾ പരിശോധിക്കുന്നതിനിടെ ജീവനക്കാരെ ഇടപെടാൻ അനുവദിച്ചില്ല. അവരെ മാറ്റിനിർത്തി കലക്ടർ നേരിട്ട് പരിശോധന നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ഓടെ എത്തിയ കലക്ടർ രണ്ടുമണിക്കൂറിലേറെയാണ് ഓഫിസിൽ ചെലവഴിച്ചത്.
വിവിധ വിഭാഗം ഫയലുകളുടെ നിലവിലെ സ്ഥിതി, കാലതാമസ കാരണങ്ങൾ, നിയമസാധുതകൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ് അന്വേഷിച്ചത്. ഫോർട്ട്കൊച്ചി ആർഡി ഓഫിസിനെതിരെ ഉയർന്ന വ്യാപക പരാതിയെത്തുടർന്ന് 28ൽ 24 ജീവനക്കാരെയും ഒറ്റയടിക്ക് സ്ഥലംമാറ്റിയിരുന്നു.
പകരമെത്തിയവരിൽ ചിലർ ചാർജെടുക്കാത്തതും വാർത്തയായിരുന്നു. എന്നാൽ, കലക്ടറുടെ സന്ദർശനം ഔദ്യോഗിക പരിശോധനയുടെ ഭാഗമാെണന്ന് ഫോർട്ട്കൊച്ചി സബ് കലക്ടർ ഡോ. ഹരീഷ് റഷീദ് പറഞ്ഞു.