Sat. Jan 18th, 2025
കൽപ്പറ്റ:

കൊവിഡ്‌ പ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി “പ്രതിരോധിക്കാം സുരക്ഷിതരാകാം’ എന്ന സന്ദേശവുമായി കുടുംബശ്രീ മിഷൻ കവചം 2021 എന്ന പേരിൽ വിവിധ പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. കൊവിഡ്‌ മൂന്നാംതരംഗം കൂടി കണക്കിലെടുത്താണ്‌ ജില്ലയിൽ വിവിധ വകുപ്പുകളുമായി ചേർന്ന്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതെന്ന്‌ കുടുംബശ്രീ ജില്ലാ കോ–ഓർഡിനേറ്റർ പി സാജിത വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൊവിഡ്‌ ആരംഭ കാലം മുതൽ വിവിധ പ്രവർത്തനങ്ങളുമായി കുടുംബശ്രീമിഷൻ രംഗത്തുണ്ട്‌.

ജില്ലയിൽ ടിപിആർ കുറയാതെ നിൽക്കുന്നതും കൂടി കണക്കിലെടുത്താണ്‌ ‌ സീറോ ടിപിആർ വയനാട് എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾക്ക് കുടുംബശ്രീ തുടക്കം കുറിക്കുന്നത്.പദ്ധതിയുടെ ഭാഗമായി എല്ലാ അയൽക്കൂട്ടത്തിലും 7, 8 തിയ്യതികളിൽ ‘ആരോഗ്യ സഭ ‘ചേർന്ന്‌ കൊവിഡ്‌ സ്ഥിതി വിലയിരുത്തും. അയൽക്കൂട്ടത്തിലെ ഭാരവാഹികളെ കോവിഡ് റെസ്പോൺസിബിൾ ടീം ആക്കിയിട്ടുണ്ട്.

ഈ കെആർടിയെ വാർഡ് തല ആർആർടി യുമായി ചേർന്നു പ്രവർത്തനം നടത്താൻ ചുമതലപ്പെടുത്തി. കുടുംബശ്രീ അസി കോ–ഓർഡിനേറ്റർമാരായ കെ ടി മുരളി, വാസു പ്രദീപ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടത്തു.കവചം 2021 ന്റെ ഭാഗമായി ഒമ്പതിന്‌ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ വൈകിട്ട്‌ ആറ്‌ മുതൽ ഏഴ്‌ വരെ കോവിഡ് പ്രതിരോധ ദീപം കൊളുത്തി പ്രതിജ്ഞയെടുക്കും. ഞാനും എന്റെ കുടുംബവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകും, ഞങ്ങളാൽ ഒരാൾക്കും കൊവിഡ് വരാൻ ഇടയാക്കുകയില്ല എന്ന സന്ദേശവുമായാണ്‌ പ്രതിജ്‌ഞ. വിവിധ കലാപരിപാടികളും നടത്തും.