Mon. Dec 23rd, 2024
കാഞ്ഞിരപ്പള്ളി:

അമൽജ്യോതി എൻജിനീയറിങ് കോളജ് വളപ്പിലെ ‍ 630 സസ്യങ്ങളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്തു. ഇതിൽ 313 അപൂർവയിനം ഔഷധ സസ്യങ്ങളുടെയും, വംശനാശ ഭീഷണി നേരിടുന്ന വിവിധ സസ്യങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടും. മൊബൈൽ ഫോണിൽ സ്കാൻ ചെയ്യാൻ കഴിയും വിധം ഓരോ മരങ്ങളിലും ചെടികളിലും ക്യുആർ കോഡ് സ്ഥാപിച്ചു.

ക്യാംപസിലെ വിവിധയിനം സസ്യങ്ങളുടെ സർവേ നടത്തി അവയുടെ ശാസ്ത്രീയ നാമം, സസ്യകുടുംബം, ആവാസവ്യവസ്ഥ, ഉപയോഗം എന്നിവ ക്രോഡീകരിച്ച് വെബ്സൈറ്റിൽ രേഖപ്പെടുത്തിയാണ് ഡിജിറ്റൽ ഗാർഡൻ തയാറാക്കിയത്. കംപ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഫാസിജു ജോൺ, ഫുഡ് ടെക്നോളജി വിഭാഗം പ്രഫസർ ഡോ സണ്ണിച്ചൻ വി ജോർജ്, കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികൾ എന്നിവരാണ് ദൗത്യത്തിനു പിറകിൽ.

ഡിജിറ്റൽ ഗാർഡൻ ഉള്ള ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിങ് കോളജും ഏറ്റവും കൂടുതൽ ചെടികളുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചിട്ടുള്ളതും ഇവിടെയാണെന്ന് അധികൃതർ അവകാശപ്പെട്ടു. ഡിജിറ്റൽ ഗാർഡന്റെ ഉദ്ഘാടനം ബിഷപ് മാർ ജോസ് പുളിക്കൽ നിർവഹിച്ചു.

By Divya