Thu. Apr 25th, 2024
കൊല്ലം:

തുറമുഖത്ത് ഇമിഗ്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ കപ്പൽ വഴിമാറിപ്പോകുന്നതിലൂടെ കോടികളുടെ നഷ്ടം. തൊഴിൽ നഷ്ടത്തിനു പുറമേയാണ്. കപ്പൽ വാടക ഇനത്തിൽ വൻതുകയാണ് നഷ്ടമാകുന്നത്. കപ്പൽ ജീവനക്കാർ മാറിക്കയറുന്നതിനുള്ള ‘ക്രൂ ചേഞ്ച്’ ഇനത്തിൽ മാത്രം ഒരു വർഷത്തിനിടയിൽ നൂറിലേറെ കപ്പലാണ് കൊല്ലത്തിനു നഷ്ടമായത്. വിഴിഞ്ഞത്തു നിത്യവും ആറിലധികം കപ്പലുകൾ ക്രൂ ചേഞ്ചിന് എത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം 9 കപ്പൽ എത്തിയിരുന്നു.

ടഗ്ഗിന്റെ കുറവു മൂലം 6 കപ്പലിന്റെ ക്രൂ ചേഞ്ചാണ് നടന്നത്. അദാനി ഗ്രൂപ്പിന്റെ ടഗ് കൂടി വാടകയ്ക്കെടുത്താണ് ക്രൂ ചേഞ്ച് അന്നു പൂർത്തിയാക്കിയത്. കൊച്ചിയിലും പലപ്പോഴും കപ്പലുകൾ കാത്തു കിടന്നാണ് ക്രൂ ചേഞ്ച് നടത്തുന്നത്.

കൊല്ലത്ത് ഇമിഗ്രേഷൻ സംവിധാനം തുടങ്ങാനായാൽ നല്ലൊരു ശതമാനം കപ്പലുകൾ കൊല്ലത്തേക്കു വരും. ഒരു ദിവസം കപ്പൽ തുറമുഖത്തു കിടക്കുന്നതിന് ഒന്നു മുതൽ 2 ലക്ഷം രൂപ വരെയാണ് വാടകയായി ലഭിക്കുന്നത്. ജീവനക്കാരുടെ താമസവും മറ്റുമായി ഹോട്ടൽ മേഖലയ്ക്കും നേട്ടമുണ്ടാകും.

By Divya