Thu. Dec 19th, 2024

വൈപ്പിൻ∙

മെച്ചപ്പെട്ട വില ലഭിക്കുന്ന കണവ, കൂന്തൽ മീനുകൾ ചെറിയ തോതിലെങ്കിലും ലഭിച്ചു തുടങ്ങിയതു മത്സ്യബന്ധന ബോട്ടുകൾക്ക് ആശ്വാസമായി. ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ ഇറങ്ങിയപ്പോൾ  ഇടത്തരം വലുപ്പമുള്ള കിളിമീനാണു ബോട്ടുകൾക്കു കൂടുതലായി ലഭിച്ചത്.

ആദ്യദിനങ്ങളിൽ തരക്കേടില്ലാത്ത വില  കിട്ടിയെങ്കിലും  പിന്നീട് കുറഞ്ഞ‌ു. ചെമ്മീൻ ഇനങ്ങൾ പ്രതീക്ഷിച്ചപോലെ ലഭിച്ചുമില്ല. ചെമ്മീൻ ഇനങ്ങളിൽ നിലവിൽ കഴന്തൻ  മാത്രമാണു  ലഭിക്കുന്നതെന്നു ബോട്ടുകാർ പറയുന്നു.

കണവയ്ക്കു കിലോഗ്രാമിനു ശരാശരി 400- 500 രൂപ ലഭിക്കുന്നുണ്ട്.  കൂന്തൽ കിലോഗ്രാമിന് 300 രൂപയ്ക്കായിരുന്നു കച്ചവടം. വിദേശത്തു പ്രിയമുള്ള കിനാവള്ളിയും പല ബോട്ടുകൾക്കും കിട്ടി.  കിളിമീൻ ലഭ്യത കുറഞ്ഞു തുടങ്ങി.

അതേസമയം ഡീസൽ വില വർധന അടക്കമുള്ള കാരണങ്ങളാൽ  മത്സ്യബന്ധന ചെലവ് ഉയർന്നതിനാൽ  കാര്യമായ ലാഭം കിട്ടാത്ത അവസ്ഥയാണെന്നും അവർ പറയുന്നു. പല ബോട്ടുകളും കഷ്ടിച്ചു  നഷ്ടം ഒഴിവാക്കി മുന്നോട്ടുപോകുന്ന സാഹചര്യമാണെന്നും ഉടമകൾ പറയുന്നു.

By Rathi N