Mon. Dec 23rd, 2024
കുളമാവ്:

കുളമാവ് ടൗണിലേക്കുള്ള റോഡ് വാഹനങ്ങൾക്ക്​ സഞ്ചരിക്കാനാവാത്ത വിധം തകർന്നു. നവോദയ സ്‌കൂൾ ഗ്രൗണ്ടിനുസമീപമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ഇതോടെ മിക്ക സ്വകാര്യബസുകളും ടൗൺ ഒഴിവാക്കിയാണ് യാത്ര.

ഏതാനും ചില കെ എസ് ആർ ടി സി ബസുകൾ മാത്രമാണ് കുളമാവ് ടൗണിലെത്തി മടങ്ങുന്നത്. മറ്റുബസുകൾ പഴയ പൊലീസ് സ്​റ്റേഷന്​ സമീപം യാത്രക്കാരെ ഇറക്കിവിടുകയാണ്​. ബസ് സർവിസ് കുളമാവിലേക്ക്​ എത്താതായതോടെ യാത്രക്കാർ ടൗണിൽനിന്ന്​ പൊലീസ് സ്​റ്റേഷനുസമീപത്തേക്ക്​ നടന്ന് എത്തേണ്ട ഗതികേടിലാണ്.

ഇത് വയോധികരെയും കുട്ടികളെയും ബുദ്ധിമുട്ടിലാക്കുന്നു. റോഡ് പൂർണമായും തകർന്നതിനാൽ ഇതുവഴി സർവിസ് നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് ബസ് ജീവനക്കാർ. ശോച്യാവസ്ഥ തുടർന്നാൽ മറ്റു ബസുകളും കുളമാവ് ടൗൺ ഒഴിവാക്കാൻ സാധ്യതയുണ്ട്​.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് പലതവണ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. വെള്ളക്കെട്ടുള്ള ഈ ഭാഗത്ത് ഓടകൾ തീർക്കാത്തതാണ്​ റോഡുകൾ പതിവായി തകരുന്നതിന്​ കാരണമാകുന്നത്. ഒട്ടേറെ പ്രധാന സ്ഥാപനങ്ങളുള്ള കുളമാവ് ടൗണിലേക്കുള്ള റോഡ് എത്രയും വേഗം നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

By Divya