Wed. Jan 22nd, 2025
കുണ്ടറ:

കോവിഡ് കാലത്ത്‌ അശരണർക്ക് സാന്ത്വനമായി സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റിയുടെ ‘കരുതൽ’. വീടുകൾ, ആഹാരവും ഭക്ഷ്യധാന്യങ്ങളും, രോഗീപരിചരണം, മരുന്നും വൈദ്യസഹായവും, കോവിഡ് സെന്ററുകളിലേക്കും ആശുപത്രികളിലേക്കും സൗജന്യയാത്ര, രക്തദാനം, കുട്ടികൾക്ക് പഠനസഹായം, മധുരവണ്ടി തുടങ്ങി നിരവധി പദ്ധതികളാണ് ഏരിയ സെക്രട്ടറി എസ് എൽ സജികുമാറിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നടപ്പാക്കുന്നത്. ജോസുകുട്ടി ഫൗണ്ടേഷന്റെ എട്ടു സൊസൈറ്റികളാണ്‌ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

രോഗികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും വാഹനം ലഭ്യമാക്കുന്ന ‘സ്നേഹവണ്ടി’ പദ്ധതിയിൽ രണ്ട് ആംബുലൻസ് ഉൾപ്പെടെ 10 വാഹനമാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. പെരിനാട് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുകകൊണ്ട് വാഹനം സ്വന്തമായി വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഇതിനിടെ 13 തവണയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കും വാഹനത്തിൽ രോഗികളെ സൗജന്യമായി കൊണ്ടുപോയത്.

മറ്റു മേഖലകളിലും 100 രൂപ കൂപ്പണുകളിലൂടെ ധനസമാഹരണം നടത്തി സ്വന്തം വാഹനങ്ങൾ ഉടൻ യാഥാർഥ്യമാക്കും. ഏരിയ കമ്മിറ്റി നടത്തിയ കണക്കെടുപ്പിൽ മേഖലയിൽ 1238 രോഗികളാണ് ശയ്യാവലംബരായുള്ളത്. ഇവർക്ക് സാന്ത്വന പരിചരണം നൽകുന്നതിലും പ്രഥമ പരിഗണന നൽകുന്നു.

വൈദ്യസഹായവും മരുന്നും ഭക്ഷണവും വീടുകളിൽ എത്തിച്ചുനൽകുകയും ചെയ്യുന്നുണ്ട്. ഹോം നേഴ്സിങ്‌ ടീമിനെ തയ്യാറാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. വിദേശത്തും മറ്റും ജോലിചെയ്യുന്നവരുടെ വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്ന അച്ഛനമ്മമാരെ പരിചരിക്കുന്ന പദ്ധതിയും നടപ്പാക്കും.

വിവാഹം, ചരമവാർഷിക ദിനങ്ങളിൽ സഹായങ്ങൾ സ്വീകരിക്കുന്നതിനായി പ്രത്യേകം വളന്റിയർമാരെയും സജ്ജമാക്കിയിട്ടുണ്ട്. ശയ്യാവലംബരെ പരിചരിക്കുന്നതിന് പുനരധിവാസകേന്ദ്രം നിർമിക്കുന്ന കാര്യവും പരിഗണനയിലാണ്‌. 13 വീടുകളാണ് സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ചുനൽകുന്നത്.

10 വീടുകൾ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് നൽകി. ഓൺലൈൻ പഠനം ഉറപ്പാക്കാൻ മൊബൈൽ ഫോണും ടെലിവിഷനും ലഭ്യമാക്കി.

By Divya