Wed. Apr 24th, 2024
കോഴിക്കോട്‌:

ക്ലാസുകളും പഠനവുമെല്ലാം വീട്ടിലേക്ക്‌ മാറിയെങ്കിലും സ്‌കൂളിലെയും കുട്ടികളുടെയും വിശേഷങ്ങളെല്ലാം കൂടത്തായ്‌ സെന്റ്‌മേരീസ്‌ സ്‌കൂളിലെ വിദ്ദ്യാർത്ഥികൾക്കിപ്പോഴും മുടങ്ങാതെ അറിയാം. ആഴ്‌ചയിൽ രണ്ട്‌ തവണയായി സ്‌കൂൾ വാർത്തകളും കുട്ടികളുടെ വിശേഷങ്ങളുമായി ‘എഡ്യൂ ന്യൂസ്‌’ എത്തും.അവരവരുടെ വീടുകളിൽനിന്ന്‌ വാർത്താ അവതാരകരായും റിപ്പോർട്ടർമാരായും പ്രിയപ്പെട്ട ചങ്ങാതിമാരുമുണ്ടാകും.

സ്‌കൂളിലെ എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി ഈ വർഷം മുതലാണ്‌ വാർത്താ അവതരണം ആരംഭിച്ചത്‌.വാർത്താ ചാനലുകളുടെ മാതൃകയിൽ മികവോടെയുള്ള അവതരണമാണ്‌ എഡ്യൂന്യൂസിന്റെ സവിശേഷത. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ പരിപാടികളിൽ അവതാരകരായും റിപ്പോർട്ടർമാരായും എത്തുന്നത്‌ പത്താം ക്ലാസ്‌ വിദ്യാർത്ഥികളാണ്.

സ്‌കൂളിലെ പ്രധാന പരിപാടികൾ, പഠന പ്രവർത്തനങ്ങൾ, അറിയിപ്പുകൾ തുടങ്ങിയവ വാർത്തകളാക്കി അധ്യാപകർ കുട്ടികൾക്ക്‌ നൽകും. അത്‌ എഴുതി വായിച്ച്‌ വീഡിയോ അധ്യാപകർക്ക്‌ അയക്കും.കുട്ടികളുടെ വിജയകരമായ പ്രവർത്തനങ്ങൾ വീഡിയോ എടുത്തും റിപ്പോർട്ടുകളായി അയക്കാം. ആ കുട്ടികൾതന്നെ റിപ്പോർട്ടർമാരായി എത്തും.

ഇതിനകം സ്വന്തമായി ഇൻക്യുബേറ്ററുണ്ടാക്കിയ അഭിനന്ദിന്റെയും ഫാൻ നിർമിച്ച അജാസ്‌ മുഹമ്മദിന്റെയും മീൻ വളർത്തലും കൃഷിയുമായി വിജയംകൊയ്‌ത ജർലിൻ റെനിയുടെയും റിപ്പോർട്ടുകൾ കുട്ടികളിലും മുതിർന്നവരിലും വലിയ മതിപ്പുണ്ടാക്കി. വീഡിയോകൾ അധ്യാപകരായ സുമി ഇമാനുവൽ, റീന മോൾ, സിസ്‌ വിനീത എന്നിവർചേർന്ന്‌ എഡിറ്റ്‌ ചെയ്‌ത്‌ അഞ്ച്‌ മിനിറ്റ്‌ വാർത്താ വീഡിയോ ആക്കിയാണ്‌ സ്‌കൂൾ ഗ്രൂപ്പുകളിലിടുന്നത്‌.

ഇതിനകം 12 വാർത്തകൾ സംപ്രേഷണംചെയ്‌തു. വിസ്‌മയ, ഫിനു, ദിയ ബൈജു, അശ്വൻ എം പ്രകാശ്‌ എന്നിവരാണിപ്പോൾ വാർത്ത വായിക്കുന്നത്‌.സ്‌കൂളിൽ വരാതിരിക്കുമ്പോഴുള്ള മടുപ്പും വിരസതയും മാറ്റാനുംകൂടി തുടങ്ങിയതാണ്‌ എഡ്യൂന്യൂസെന്ന്‌ പ്രധാനാധ്യാപിക ഇ ഡി ശൈലജ പറഞ്ഞു.