Tue. Apr 16th, 2024

കൊടുങ്ങല്ലൂർ:

ഇടപ്പള്ളി–കുറ്റിപ്പുറം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നഷ്ടപരിഹാരത്തുക വിതരണം പുരോഗമിക്കുന്നു. ദേശീയപാത 66 വികസനത്തിനായി ജില്ലയിലെ ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽനിന്നായി 63 കിലോമീറ്റർ നീളത്തിലാണ് 205. 4412 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്.

ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കായി നാഷണൽ ഹൈവേ അതോറിറ്റി നഷ്ടപരിഹാരത്തുകയായി 5093 കോടി രൂപയുടെ വിതരണാനുമതി നൽകിയിരുന്നു. ഇതിൽ 3927 കോടി രൂപ ലഭ്യമായിട്ടുണ്ടെന്ന് സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ഐ പാർവതീദേവി പറഞ്ഞു.

2021 ജൂലൈ അഞ്ചിന് പത്ത്‌ ഭൂവുടമകൾക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അവാർഡ് രേഖകൾ കൈമാറുകയും 0.3354 ഹെക്ടർ ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറി തുക ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു.

ഇതടക്കം പൂർണമായും ഭൂമിയുടെ രേഖകളും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച 46 ഭൂവുടമകളിൽ നിന്നായി 2021 ആഗസ്‌ത്‌ എട്ടിന് 1.7291 ഹെക്ടർ ഭൂമി ഏറ്റെടുത്തു. ഇതിന്റെ നഷ്ടപരിഹാരത്തുകയായ 16,45,43,161.46 രൂപ അന്നേദിവസം തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.

ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരത്തുക തൊട്ടടുത്ത ദിവസം ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്.

കക്ഷികൾ പൂർണമായും രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് നടപടിക്രമങ്ങൾ പൂർത്തിയായി ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. ആദ്യഘട്ടത്തിൽ ഫണ്ട് ലഭ്യമായ ഭൂവുടമകൾക്ക് ഭൂമി വിട്ടൊഴിയുന്നതിനുള്ള നോട്ടീസുകൾ 90 ശതമാനവും നൽകിക്കഴിഞ്ഞു.

പൂർണമായും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജിന് അർഹതയുള്ളതും വീട് ആവശ്യപ്പെടുന്ന പക്ഷം 50 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട്, അല്ലാത്തവർക്ക് 1,50,000 രൂപ നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തി നൽകും.

വാണിജ്യ കെട്ടിടത്തിലെ വാടകക്കാരുടെ പുനരധിവാസ പാക്കേജുകൾ നിയമം അനുശാസിക്കുന്ന രീതിയിലും വിതരണം ചെയ്യും.കോടതി കേസുകൾ സമയബന്ധിതമായി തീർപ്പാക്കി കോടതിയുടെ നിർദേശങ്ങൾക്ക് വിധേയമായി നടപടി സ്വീകരിച്ചുവരികയാണ്.

By Rathi N