Sat. Jan 11th, 2025

കുട്ടനാട് ∙

കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൈനകരി  പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ് പൊലീസിൽ കീഴടങ്ങി. വൈകിട്ട് നാലോടെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നു മുൻകൂർ ജാമ്യം ലഭിച്ച പ്രസാദ് ആറരയോടെയാണു നെടുമുടി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയുടെ നിർദേശപ്രകാരം ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ പിടിയിലാകാനുള്ള സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പിഡി രഘുവരൻ നാളെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കും. റിമാൻഡിൽ കഴിയുന്ന മറ്റൊരു പ്രതി വിശാഖ് വിജയന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.

കഴിഞ്ഞ 24നാണു കൈനകരി മുണ്ടയ്ക്കൽ പാലത്തിനു സമീപത്തുള്ള കൊവിഡ് വാക്സീൻ വിതരണത്തിൽ വച്ചു കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ ശരത്ചന്ദ്ര ബോസിനു മർദനമേറ്റത്.

ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കെജിഎംഒ  ഒപി ബഹിഷ്ക്കരിച്ചും കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ അവധി ഉപേക്ഷിച്ച് അധിക ജോലി ചെയ്തുമാണു പ്രതിഷേധിച്ചത്.

By Rathi N