Sat. Jan 18th, 2025

കൊച്ചി:

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ‘ഉണ്ണാവ്രത പോരാട്ടം’ ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ കെ എസ്‌ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ റോബിൻ ജോൺ അധ്യക്ഷനായി.

എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, വായ്പകൾക്ക് മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടങ്ങളുടെ വാടക ആറ്‌ മാസത്തേക്ക് ഒഴിവാക്കുക, എല്ലാ വ്യാപാരികൾക്കും അടിയന്തരമായി വാക്സിൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയുള്ള സമരം.

വ്യാപാരികൾ കറുത്ത ഷർട്ടും കറുത്ത മുണ്ടും കറുത്ത മാസ്കും ധരിച്ചാണ് സമരത്തിൽ പങ്കെടുത്തത്. ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ എം അഷ്റഫ്, ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അസീസ് മൂലയിൽ

ലൈറ്റ് ആൻഡ്‌ സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ എ വേണുഗോപാൽ, പെട്ടിക്കട വണ്ടിക്കട വ്യാപാരി അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ കെ ഡി വിൻസെന്റ്‌, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ ഇ ഡി ജോയി, ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ പി ജെ പോൾസൺ

സിപിഐ എം സെൻട്രൽ ലോക്കൽ സെക്രട്ടറി എൻ കെ പ്രഭാകരനായിക്, ടെക്‌സ്‌റ്റൈൽ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ്‌ ബി നയനാർ, ചിക്കൻ വ്യാപാരി സമിതി എറണാകുളം ഏരിയ സെക്രട്ടറി നൗഫൽ ഖയ്യും, സമിതി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി വി സന്തോഷ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ എസ്‌ ബാലകൃഷ്ണൻ, ഏരിയ പ്രസിഡന്റ്‌ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ ജലീൽ സ്വാഗതവും ജില്ലാ ട്രഷറർ ടി എം അബ്ദുൾ വാഹിദ് നന്ദിയും പറഞ്ഞു. ജില്ലയിൽ കലക്ടറേറ്റ്‌, കോർപറേഷൻ ഓഫീസ്, കോർപറേഷൻ സോണൽ ഓഫീസുകൾ, നഗരസഭ ഓഫീസുകൾ, പഞ്ചായത്ത്‌ ഓഫീസുകൾ, പ്രമുഖ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ 75 കേന്ദ്രങ്ങളിൽ സമരം നടന്നു.

By Rathi N