Mon. Dec 23rd, 2024

പാവറട്ടി ∙

വെന്മേനാട് തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് കരിങ്കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. ചാലളി പറമ്പിന് സമീപം വേളത്ത് സുനിൽ വളർത്തുന്ന 20 കോഴികളെയാണു കൊന്നത്. 1000 മുതൽ 1200 രൂപ വരെ വില വരുന്നതാണ് ഓരോ കോഴികളും.

എസി മെക്കാനിക്കായ സുനിൽ ലോക്ഡൗണിൽ പണി കുറഞ്ഞതോടെയാണ് കോഴി വളർത്തലിലേക്ക് തിരിഞ്ഞത്. പത്തിലധികം നായ്ക്കൾ എത്തിയാണ് കോഴിക്കൂട് തകർത്ത് കോഴികളെ കൊന്നൊടുക്കിയത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം  രൂക്ഷമാണ്.

അറവ് മാലിന്യങ്ങൾ വലിച്ചെറിയുന്നതാണു തെരുവ് നായ്ക്കൾ തമ്പടിക്കാൻ കാരണമെന്ന് പറയുന്നു. ആരോഗ്യ വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. മാലിന്യം തള്ളുന്നവരെ അധികൃതർ കണ്ടെത്തി താക്കീത് ചെയ്തെങ്കിലും ഒരിടവേളയ്കകു ശേഷം വീണ്ടും തുടങ്ങിയതായി സുനിൽ പറഞ്ഞു.

വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോഴികളെ കൊന്നൊടുക്കിയ സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പോ പഞ്ചായത്തോ ഇടപെട്ട് നഷ്ടപരിഹാരം അനുവദിക്കണമെന്നും സുനിൽ ആവശ്യപ്പെട്ടു.

By Rathi N