Wed. Jan 22nd, 2025
കൊല്ലം:

പുലർച്ചെ 3.30ന്‌ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള മെമു എന്തിനെന്ന്‌ റെയിൽവേയ്‌ക്കുപോലും അറിയില്ല. യാത്രക്കാർക്ക്‌ സഹായകമാകുന്ന നാലു മെമു സർവീസുകൾ കോവിഡിൻ്റെ പേരിൽ വേണ്ടെന്നുവച്ച റെയിൽവേ വലിയ നഷ്ടം സഹിച്ചാണ്‌ എറണാകുളം മെമു ഓടിക്കുന്നത്‌. പുറമെ റെയിൽവേ ജീവനക്കാർക്ക്‌ മാത്രമായി കൊല്ലത്തുനിന്ന് കോട്ടയത്തേക്കും നാഗർകോവിലിലേക്കും മെമു ഓടിക്കുന്നുണ്ട്‌.

വിരലിൽ എണ്ണാവുന്നവർ മാത്രമാണ്‌ ഇതിലുണ്ടാവുക. ഇതിൽ യാത്രക്കാരെക്കൂടി കൊണ്ടുപോകണമെന്ന നിരന്തര ആവശ്യം റെയിൽവേ അവഗണിക്കുകയാണ്‌. എന്നാൽ, കൂടിയ നിരക്ക്‌ ഈടാക്കി എക്‌സ്‌പ്രസ്‌, സൂപ്പർ എക്‌സ്‌പ്രസ്‌ ട്രെയിനുകൾ സ്‌പെഷ്യൽ ട്രെയിൻ എന്ന പേരിൽ സർവീസ്‌ നടത്തുന്നുണ്ട്‌. എറണാകുളം മെമു മിക്ക ദിവസവും കാലിയായാണ്‌ പുറപ്പെടുന്നത്‌.

തിരിച്ചെത്തുന്നത്‌ രാത്രി വൈകിയായതിനാൽ ഇതും യാത്രക്കാർക്ക്‌ പ്രയോജനംചെയ്യുന്നില്ല. ഈ സർവീസ് രാവിലെ ആറിനു തുടങ്ങിയാൽ യാത്രക്കാർക്ക്‌ സഹായകമാകും. കൊല്ലം – കോട്ടയം – എറണാകുളം, കൊല്ലം – നാഗർകോവിൽ, എറണാകുളം – ആലപ്പുഴ – കൊല്ലം, രാത്രി ഒമ്പതിനു പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു എന്നിവയാണ്‌ നിലച്ചിരിക്കുന്നത്‌.

തുച്ഛശമ്പളക്കാരായ തൊഴിലാളികളും ജീവനക്കാരുമാണ്‌ മെമുവിനെ ആശ്രയിച്ചിരുന്നത്‌. കൂടാതെ എല്ലാ ചെറിയ സ്റ്റേഷനിലും സ്റ്റോപ്പ്‌ ഉണ്ടായിരുന്നത്‌ ഗ്രാമീണമേഖലയിലുള്ളവർക്കും പ്രയോജനമായിരുന്നു.

By Divya