Mon. Dec 23rd, 2024
തിരുവാർപ്പ്:

പ്ലീസ്..ആ സൈക്കിൾ തിരിച്ചുനൽകൂ. സ്കോളർഷിപ് തുകയിൽ നിന്നു മിച്ചം പിടിച്ചു വാങ്ങിയതാണ്. എവിടെയെങ്കിലും വച്ചിട്ടു പോയാൽ അവിടെ വന്നെടുത്തുകൊള്ളാം; ജലീൽ ബി ജോസഫിന്റെ അഭ്യർഥനയാണിത്. മോഷ്ടാവ് സൈക്കിൾ തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ് ജലീൽ.

കിളിരൂർ വഞ്ചിത്താറ്റിൽച്ചിറ ബിജുവിന്റെ മകൻ ജലീൽ ബി ജോസഫിന്റെ 8,000 രൂപ വിലയുള്ള സൈക്കിളാണ് ഇന്നലെ പുലർച്ചെ മോഷണം പോയത്. കിളിരൂർ എസ്‌വിജിവിപി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് എഴുതി വിജയിച്ചപ്പോൾ മാസം ആയിരം രൂപ വീതം ജലീലിനു ലഭിച്ചിരുന്നു.

ഇതിൽ നിന്നു മിച്ചം പിടിച്ച് 6 മാസം മുൻപാണു സൈക്കിൾ വാങ്ങിയത്. എസ്എസ്എൽസിക്ക് ജലീലിന് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. പ്ലസ് ടു പഠനം വരെ ജലീലിന് സ്കോളർഷിപ് ലഭിക്കും. വീടിനു മുന്നിൽ വച്ചിരിക്കുകയായിരുന്നു സൈക്കിൾ.

പുലർച്ചെ ഒരാൾ സൈക്കിൾ കൊണ്ടുപോകുന്നത് സമീപത്തെ വീട്ടിലെ സിസിടിവിയിൽ കണ്ടു. മുടി വളർത്തിയ യുവാവാണു സൈക്കിൾ കൊണ്ടുപോകുന്നത്. ആളെ വ്യക്തമായിട്ടില്ല. അന്വേഷിച്ചു വരികയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി മനോജ് പറഞ്ഞു.

By Divya