Fri. Apr 19th, 2024
കല്‍പ്പറ്റ:

മൂന്നുപതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം കര്‍ഷകര്‍ക്ക് ഭീഷണിയായി വയനാടന്‍ വനമേഖലകളില്‍ ഒരിനം ചാഴി പെരുകുന്നു. വയനാട് വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ബത്തേരി റെയ്ഞ്ചിലെ വള്ളുവാടി വനമേഖലയിലാണ് ‘ബാംബൂ സീഡ് ബഗ്’ എന്ന് വിളിക്കുന്ന ചാഴി വന്‍തോതില്‍ പെരുകുന്നത്. ജനവാസപ്രദേശത്ത് നിന്നും ഏറെ അകലെയല്ലാതെ വനത്തിനുള്ളിലെ മരങ്ങളിലും കുറ്റിചെടികളിലുമൊക്കെ കൂട്ടത്തോടെയാണ് ഇവ തമ്പടിച്ചിരിക്കുന്നത്.

പല മരങ്ങളുടെയും ഇലകള്‍ കാണാത്ത തരത്തില്‍ ചാഴികള്‍ പൊതിഞ്ഞിട്ടുമുണ്ട്. ഇവ താവളമാക്കിയ വലിയ മരങ്ങളുടെ ശാഖകള്‍ ഒടിഞ്ഞു വീണ നിലയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് കൂട്ടമായി ചെടികളിലെത്തിയ പ്രാണികളെ ശ്രദ്ധിച്ചു തുടങ്ങിയതെന്നും തങ്ങള്‍ ആശങ്കയിലാണെന്നും പ്രദേശത്തെ കര്‍ഷകനായ ബൈജുപോള്‍ പറഞ്ഞു. നാട്ടുകാര്‍ ചാഴിക്കൂട്ടത്തിന്റെ അടുത്തേക്ക് പോകാന്‍ ആദ്യം ഭയപ്പെട്ടിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

വ്യാപകമായി മുളകള്‍ പൂക്കുന്നയിടങ്ങളില്‍ പെറ്റുപെരുകുന്ന ചാഴിയാണിതെന്നാണ് വനംവകുപ്പിന് വിദഗ്ധരില്‍ നിന്നും ലഭിച്ച വിവരം. പ്രാണികള്‍ കൂട്ടത്തോടെയിരുന്നു ഇലകളില്‍ നിന്ന് നീരൂറ്റി കുടിക്കുന്നതാകാം മരക്കൊമ്പുകള്‍ മുറിഞ്ഞുവീഴാന്‍ കാരണമെന്നാണ് നാട്ടുകാരുടെ പക്ഷമെങ്കിലും പ്രാണികളുടെ ഭാരം കൊണ്ടാണ് ശാഖകള്‍ തൂങ്ങുകയോ ഒടിഞ്ഞു വീഴുകയോ ചെയ്യുന്നതെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും അസി പ്രഫസറുമായ ഡോ ഗവാസ് രാഗേഷ് ‘ പറഞ്ഞു.

പതിനായിരകണക്കിന് പ്രാണികള്‍ ദിവസങ്ങളോളം ഇലകളെ മൂടിയിരിക്കുന്നതിനാല്‍ വൃക്ഷങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്നും ക്രമേണ ശാഖകള്‍ ഉണങ്ങാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1991 ലും 92 ലുമാണ് വയനാട്ടില്‍ ‘ബാംബൂ സീഡ് ബഗി’നെ വലിയ അളവില്‍ കണ്ടത്തിയത്. കഴിഞ്ഞ ജൂണില്‍ ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിന്റെ ഏതാനും ഭാഗങ്ങളില്‍ ഈ ചാഴിയുടെ ആക്രമണമുണ്ടായിട്ടുണ്ട്.

വനത്തോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടത്തിലായിരുന്നു ‘നാറ്റചാഴി’ എന്ന് കര്‍ഷകര്‍ വിളിച്ച പ്രാണികള്‍ എത്തിയത്. ദുര്‍ഗന്ധം വമിപ്പിക്കുന്നതിനാലാണ് നാറ്റചാഴിയെന്ന് പ്രാദേശികമായി ഇതിനെ വിളിക്കുന്നത്. അന്ന് കര്‍ഷകര്‍ ആശങ്കയിലായെങ്കിലും രണ്ട് മാസത്തിന് ശേഷം ഇവയുടെ കൂട്ടം വലിയ തോതില്‍ കുറയുകയായിരുന്നു.

കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, അസം, മധ്യപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലും ഇത്തരം ചാഴികളെ കണ്ടെത്തിയിട്ടുണ്ട്. പറക്കാന്‍ ശേഷിയുള്ള വലിയ ചാഴിക്ക് 11 മുതല്‍ ഒരു മില്ലിമീറ്റര്‍ വരെയാണ് നീളം. അര ഗ്രാം മുതല്‍ മുക്കാല്‍ ഗ്രാംവരെ ഭാരവും ഉണ്ടെന്നാണ് വിധഗ്ദ്ധര്‍ പറയുന്നത്.

തവിട്ട് നിറമുള്ള പ്രാണിയുടെ മുതുകില്‍ ഇളമഞ്ഞ കലര്‍ന്ന ചുവപ്പ് നിറമാണ്. സമീപകാലങ്ങളിലായി വയനാടന്‍ കാടുകളില്‍ വ്യാപകമായി മുള പൂത്തതാണ് ചാഴികളുടെ പെറ്റുപെരുകലിന് കാരണമായിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും മഴ തീര്‍ത്തും കുറവായതും ഇവയുടെ പെരുകലിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന് ഡോ ഗവാസ് രാഗേഷ് സൂചിപ്പിച്ചു.

അതേ സമയം വയനാട്ടില്‍ ഇതുവരെ കാര്‍ഷിക വിളകളിലേക്ക് ഇത്തരം പ്രാണികള്‍ എത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവയുടെ സ്വാഭാവിക നാശമല്ലാതെ വനത്തിനുള്ളില്‍ മറ്റൊന്നും ചെയ്യാനില്ലെന്നും ബത്തേരി റെയ്ഞ്ച് ഓഫീസര്‍ രമ്യ രാഘവന്‍ പ്രതികരിക്കുന്നത്. ജനവാസ മേഖലകളിലേക്ക് ഇവയെത്തിയാല്‍ മരുന്ന് തളിക്കാനാകുമെന്നും അഭിപ്രായമുണ്ട്. കാട്ടിലായതിനാല്‍ ഇത്തരം നീക്കങ്ങള്‍ക്ക് പരിമിതിയുണ്ടെന്നാണ് സൂചന.