തിരുവനന്തപുരം:
എൽ ഡി എഫ് ഭരണത്തുടർച്ചയിൽ പാർട്ടി പ്രവർത്തകരെപോലും തഴഞ്ഞ് നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം തരപ്പെടുത്തി സർക്കാർ. മരിച്ച എം എൽ എമാരുടെ മക്കൾക്കും മന്ത്രിമാരുടെയും നേതാക്കളുടെയും എം എൽ എമാരുടെയും അടുത്ത ബന്ധുക്കൾക്കും യു ഡി എഫിന് വേണ്ടപ്പെട്ടവർക്കും ഉദാരമായി നിയമനം നൽകി. സർക്കാർ ജോലിക്കായി റാങ്ക് പട്ടികയിൽ കടന്നുകൂടാൻ ഉദ്യോഗാർഥികൾ തലകുത്തിനിന്ന് പഠിക്കുമ്പോഴാണ് രണ്ട് മുൻ എം എൽ മാരുടെ മക്കൾക്ക് ആശ്രിത നിയമനം വഴി സർക്കാർ ജോലി നൽകിയത്.
അന്തരിച്ച സി പി എം ചെങ്ങന്നൂർ എം എൽ എ കെ കെ രാമചന്ദ്രൻെറ മകൻ ആർ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തിക സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചത്. സി പി എം കൊങ്ങാട് എം എൽ എ കെ വി വിജയദാസിൻെറ മകൻ കെ വി സന്ദീപിനെ ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയിൽ ഓഡിറ്ററായി നിയമിക്കാൻ ഉത്തരവിറക്കി. യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനങ്ങളെന്ന് സർക്കാർ വിശദീകരിക്കുന്നു.
പി എസ് സി പട്ടികയുടെ കാലാവധി നീട്ടാൻ സർക്കാറിൻെറ കാരുണ്യം തേടി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമ്പോഴാണ് സ്വന്തക്കാർക്ക് ജോലി വീതംവെക്കുന്നത്. മുൻമന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റിയംഗവുമായ എ കെ ബാലൻെറ ഭാര്യ ഡോ പി കെ ജമീലയെ പുനഃസംഘടിപ്പിച്ച സംസ്ഥാന ആസൂതണ ബോർഡിൽ കഴിഞ്ഞദിവസം നിയമിച്ചു.
ബോർഡിൽ പുതിയ അംഗമായി നിയമിക്കപ്പെട്ട വി നമശിവായം എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ട്രസ്റ്റിയാണ്. എം എസ് സ്വാമിനാഥൻെറ മകളുടെ ഭർത്താവാണ് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ വി കെ രാമചന്ദ്രൻ. ഹൈകോടതിയിലെ സർക്കാർ അഭിഭാഷകരുടെ നിയമനത്തിലും നേതാക്കളുടെ ബന്ധുക്കൾ ഇടംനേടി. ആരോഗ്യമന്ത്രി വീണാ ജോർജിൻെറ സഹോദരി വിദ്യാ കുര്യാക്കോസ് ഗവ പ്ലീഡറായി.
സി പി ഐ എം പി ബിനോയ് വിശ്വത്തിൻെറ മകൾ ബി സൂര്യ ബിനോയിയെ സീനിയർ ഗവ പ്ലീഡറായി നിയമിച്ചു. യു ഡി എഫ് സർക്കാറിൻെറ കാലത്ത് എം ജി സർവകലാശാല വി സി ആയിരുന്ന ഡോ ജാൻസി ജെയിംസിൻെറ മകൾ തുഷാര ജെയിംസിനെയും സീനിയർ ഗവ പ്ലീഡറാക്കി. പി വി ശീനിജൻ എം എൽ എയുടെ ഭാര്യ കെ ബി സോണി, സി പി എം മുൻ എം എൽ എ എം ചന്ദ്രൻെറ മകൻ എം സി ആഷി എന്നിവരെ ഗവ പ്ലീഡർമാരാക്കി.