Mon. Dec 23rd, 2024
പത്തനംതിട്ട:

നഗരഹൃദയത്തിലെ പൈതൃക നിർമിതിയായ ശ്രീചിത്തിര തിരുനാൾ ടൗൺഹാളിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് പുനരുദ്ധരിക്കൽ തുടങ്ങി. കെട്ടും മട്ടും മാറാതെ ആധുനിക സങ്കേതങ്ങളൊരുക്കി പുനർനിർമിക്കാനാണ്‌ പദ്ധതി. കേരളീയ പാരമ്പര്യ ശൈലിയിൽ നിർമിക്കപ്പെട്ട ടൗൺഹാൾ കെട്ടിടത്തിൽ തടിയാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്.

എന്നാൽ കാലപ്പഴക്കത്തിൽ ഇതിന് ബലക്ഷയം സംഭവിച്ചു. വരാന്തയിലെ മരത്തൂണുകൾക്ക് പകരം ഇനി കൽത്തൂണുകൾ സ്ഥാപിക്കും. മേൽക്കൂരയിലെ തടികൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള ഗാൽവനൈസ്ഡ് അയൺ സ്ഥാപിക്കും.

പ്രൊജക്ടർ, ഉച്ചഭാഷിണികൾ, ആധുനിക ശബ്ദ നിയന്ത്രണ സംവിധാനങ്ങൾ, സെൻട്രലൈസ്ഡ് എ സി തുടങ്ങി മറ്റാധുനിക സംവിധാനങ്ങൾ ഒരുക്കുമെങ്കിലും പുറം ഭിത്തി, ജനലുകൾ തുടങ്ങി നിലനിർത്താവുന്ന എല്ലാ ഭാഗങ്ങളും സംരക്ഷിച്ചാണ് നവീകരണം. അതിനാൽ തന്നെ പൊളിച്ചിറക്കുന്ന ഭാഗങ്ങളും കേടുപാടുകളില്ലാതെ പരമാവധി സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. പരിമിതികളെത്തുടർന്ന് കാലങ്ങളായി പഴി കേട്ടിരുന്ന പദ്ധതിയാണ് പുതിയ ഭരണ സമിതിയുടെ ഇച്ഛാശക്തിയിൽ പ്രതിബന്ധങ്ങളെ മറികടന്ന് മുന്നേറുന്നത്.

By Divya