Fri. Nov 22nd, 2024

പാലക്കാട് ∙

ധോണിയിൽ വീട്ടിനകത്തു പ്രവേശിപ്പിക്കാത്തതിനാൽ 3 മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വരാന്തയിൽ കഴിഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എസ്
മനുകൃഷ്ണനെയാണ്(31) ഹേമാംബിക നഗർ പൊലീസ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. വീടു പൂട്ടി മനുകൃഷ്ണനും കുടുംബവും പോയതോടെ 5 ദിവസമാണു കുഞ്ഞും അമ്മയും വരാന്തയിൽ കഴിഞ്ഞത്. പിന്നാലെ കോടതി ഇടപെട്ടു.

യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടു. ഇതു പാലിക്കാതെ വന്നതോടെയാണു മനുകൃഷ്ണനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, കുട്ടികളുടെ അവകാശലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

മനുകൃഷ്ണനും പത്തനംതിട്ട സ്വദേശിനിയും ഒരു വർഷം മുൻപാണു വിവാഹിതരായത്. ജൂലൈ ഒന്നിനാണു പത്തനംതിട്ടയിൽനിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ മനുകൃഷ്ണൻ വീടു പൂട്ടി പോയെന്നാണു പരാതി.

ഒൻപതാം തീയതി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ യുവതി പിന്നീടു കുഞ്ഞുമൊത്തു വരാന്തയിൽ താമസമാക്കി. പൊലീസും കോടതിയും ഇടപെട്ടതോടെ പിന്നീട് ധോണിയിൽ വാടക വീടെടുത്തു താമസം മാറി.

ഡിവൈഎസ്പി പി ശശികുമാറിന്റെ നിർദേശപ്രകാരം സിഐ എസി വിപിൻ, എസ്ഐ വി അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വനിത കമ്മിഷനും ഇടപെട്ടിരുന്നു.

By Rathi N