Wed. Jan 22nd, 2025

ആലുവ∙

കൊവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ കടുങ്ങല്ലൂർ പഞ്ചായത്തിനു കീഴിലുള്ള എടയാർ ശ്മശാനത്തിനു മുന്നിൽ ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ച സന്നദ്ധ പ്രവർത്തകരും കാത്തുനിന്നതു 2 മണിക്കൂർ.

എന്നിട്ടും സാധിക്കാതെ വന്നപ്പോൾ ആലങ്ങാട് പൊതുശ്മശാനത്തിൽ കൊണ്ടുപോയി സംസ്‌കരിച്ചു. എടയാർ പുത്തൻവീട്ടിൽ സാവിത്രിയുടെ സംസ്‌കാരമാണു ശ്മശാനത്തിലെ തകരാർ മൂലം താമസിച്ചത്. 

ഇലക്ട്രിക്കൽ തകരാറാണെന്നും ഉടൻ പരിഹരിക്കാമെന്നും അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണു  കാത്തുനിന്നതെന്നു ബന്ധുക്കൾ പറയുന്നു. 2 മണിക്കൂറിനു ശേഷമാണു സംസ്കാരം നടക്കില്ലെന്ന കാര്യം അറിയിച്ചത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ ശ്മശാനത്തിലെ ബ്ലോവർ തകരാറിലാവുകയും പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീടു താൽക്കാലിക അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം പുനരാരംഭിച്ചു. 

ജനറേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തകരാറിലാണെന്നും വാർഷിക അറ്റകുറ്റപ്പണി നടത്തണമെന്നും പഞ്ചായത്ത് അംഗങ്ങൾ കമ്മിറ്റിയിൽ ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ലെന്നാണു പരാതി. പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഇന്നു പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

ശ്മശാനത്തിൽ നിലവിലുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ കോയമ്പത്തൂരിൽ നിന്നു കൊണ്ടുവന്നു സ്ഥാപിച്ച ഗുണനിലവാരമില്ലാത്തവയാണെന്നു പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. 

അതുകൊണ്ടാണ് അടിക്കടി തകരാർ ഉണ്ടാകുന്നത്. അവ പൂർണമായി മാറ്റിസ്ഥാപിക്കണമെങ്കിലും ശ്മശാനം നിർമിച്ചിട്ട് അധികം നാളാകാത്തതിനാൽ സർക്കാർ അനുമതി കിട്ടില്ല.തൽക്കാലം അറ്റകുറ്റപ്പണി നടത്താനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

By Rathi N