Mon. Dec 23rd, 2024
ഇടുക്കി:

നിയോജകമണ്ഡലം ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ചെറുതോണി ബസ് സ്റ്റാൻഡിൻ്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനവും ശിലാസ്ഥാപനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിഭാവനംചെയ്ത മാതൃക നല്ലരീതിയിൽ നടപ്പാക്കണമെന്ന്‌ മന്ത്രി നിർദേശിച്ചു. മെഡിക്കൽ കോളേജിലേക്ക്‌ സ്റ്റാൻഡിൽനിന്ന്‌ പ്രത്യേക പാതയിലൂടെ പോകാൻ സൗകര്യം ഒരുക്കും.

സ്റ്റാൻഡിനും പ്രധാന റോഡിനും ഇടയിലൂടെ ഒഴുകുന്ന തോടിന്റെ ഇരുവശവും കെട്ടി നവീകരിച്ച്‌ പാർക്കിങ്ങിന്‌ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യം അനുവദിച്ച 50 ലക്ഷത്തിനു പുറമെ കൂടുതൽ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് അധികമായി 50 ലക്ഷം രൂപ അനുവദിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ രണ്ടുകോടിയുടെ ഷോപ്പിങ്‌ കോംപ്ലക്സും ഇവിടെ നിർമിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ബി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

By Divya