Thu. Apr 25th, 2024
ഇടുക്കി:

ഹൈക്കോടതി സുരക്ഷയുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ജലാശയത്തിന് സമീപത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സിപിഐ ജില്ലാ കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ എല്‍ഡിഎഫിന്‍റെ കാലത്ത് മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ മൂന്നാറിൽ രാമസ്വാമി അയ്യർ ഹെഡ്‍വർക്ക്സ് ജലാശയത്തിന് സമീപത്ത് കുട്ടികള്‍ക്ക് വിനോദത്തിനായി പാര്‍ക്ക് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

എന്നാല്‍ ഇതിന്‍റെ മറവില്‍ ഇവിടെയുള്ള വന്‍ മരങ്ങള്‍ മുറിക്കുകയും വലിയ തോതില്‍ മണ്ണ് മാറ്റി സ്ഥലത്തിന്‍റെ ഘടന തന്നെ നശിപ്പിക്കുകയാണെന്നും സിപിഐ ജില്ലാ കമ്മിറ്റിയംഗം റ്റി എം മുരുകൻ ആരോപിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ മൂന്നാറിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള പഴയ മൂന്നാറിൽ രാമസ്വാമി അയ്യർ ഹെഡ്‍വർക്ക്സ് ജലാശയം നിർമ്മിച്ചത്.

തുടർന്ന് വർഷങ്ങൾക്ക് ശേഷം ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കാനായി ടണൽ നിർമ്മിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും ജലം പൈപ്പ്ലൈൻ വഴി പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലെത്തിച്ചാണ് വൈദ്യുതി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. പിന്നീട് മൂന്നാർ,ടൂറിസം മാപ്പിൽ ഇടംനേടിയതോടെ ഡാം പരിസരത്ത് വൈദ്യുതിവകുപ്പ് ഹൈഡൽ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ പൂന്തോട്ടം നിർമ്മിച്ചു. മരങ്ങൾ വെട്ടിമാറ്റാതെ സമീപങ്ങളിൽ കുട്ടികൾക്ക് വിനോദത്തിനായി ഊഞ്ഞാലും ഇരിപ്പിടങ്ങളും നിർമ്മിച്ചു.

എന്നാല്‍ എംഎം മണി മന്ത്രിയായതോടെ പാർക്ക് വിപുലീകരിക്കാൻ പദ്ധതികൾ തയ്യറാക്കി. ഇതോടെ പാർക്കിലെ നിര്‍മ്മാണ പ്രവർത്തനങ്ങൾ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള സൊസൈറ്റിക്ക് കൈമാറിയതായി സിപിഐ ആരോപിച്ചു. പാർട്ടിയുടെ ഉന്നത നേതാവിന്‍റെ ഉടമസ്ഥതയിലുള്ള സൊസൈറ്റി പാർക്ക് വിപുലീകരണത്തിന്‍റെ പേരിൽ മരങ്ങൾ വെട്ടിനശിപ്പിച്ച് ഡാമിന്‍റെ അതീവ സുരക്ഷ മേഖലയിൽ മണ്ണിട്ട് നിരത്തി കെട്ടിടങ്ങൾ നിർമ്മിക്കുകയാണെന്ന് റ്റി എം മുരുകൻ ആരോപിച്ചു.

പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള മുതിരപ്പുഴയിൽ നിന്നും യന്ത്രങ്ങളുടെ സഹായത്തോടെ മണൽ കോരിയെടുക്കുന്നതായും സിപിഐ ആരോപിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജലാശയത്തിന്‍റെ അതീവ സുരക്ഷമേഖലയിൽ യാതൊരുവിധ നിർമ്മാണപ്രവർത്തനങ്ങളും പാടില്ലെന്നാണ്. എന്നാൽ, കോടതി ഉത്തരവുകളെ പോലും കാറ്റിൽപറത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

By Divya