Mon. Dec 23rd, 2024
വൈക്കം:

നഗരസഭാമധ്യത്തിലെ അന്ധകാരത്തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറയുന്നു. നീരൊഴുക്കു നിലച്ച തോട്ടിൽ കുപ്പികളും പ്ലാസ്റ്റിക് കവറുകളും നിറഞ്ഞു. മാലിന്യങ്ങൾ ചീഞ്ഞഴുകിയതോടെ പ്രദേശവാസികൾക്കു മൂക്കു പൊത്താതെ നടക്കാൻ പറ്റാതായി.

6 അടിയോളം താഴ്ച ഉണ്ടായിരുന്ന തോട് ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞ് വെള്ളത്തിന് കറുത്ത നിറമായ അവസ്ഥയിലാണ്. ഒഴുക്കില്ലാത്ത തോട്ടിലേക്കു സമീപപ്രദേശങ്ങളിൽ നിന്ന് ഒഴുകിവരുന്ന അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതും തോട്ടിൽ നിന്നു ദുർഗന്ധം വമിക്കാൻ കാരണമായി.

നീരൊഴുക്ക് ഇല്ലാതായതോടെ മലിനമായ തോട്ടിൽ നിന്നുള്ള കൊതുകുശല്യം മൂലം പരിസരവാസികൾ പകർച്ചവ്യാധി ഭീതിയിലാണ്. തോട്ടിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മണ്ണും ചെളിയും മറ്റു മാലിന്യങ്ങളുമെല്ലാം നീക്കം ചെയ്ത് തോടിന്റെ ആഴം വർധിപ്പിച്ചാൽ പ്രദേശവാസികൾക്ക് കൃഷി ആവശ്യങ്ങൾക്കും മറ്റുമായി പ്രയോജനമാകും. അന്ധകാരത്തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തു നീരൊഴുക്കു സുഗമമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

By Divya