Thu. Jan 23rd, 2025
മലപ്പുറം:

മലപ്പുറം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ മന്ദഗതിയിൽ. ജില്ലയിൽ കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ആകെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇത് വരെ വാക്സിൻ ലഭിച്ചത്.

ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറത്ത് 36 ശതമാനാം പേർക്ക് മാത്രമാണ് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചത്. വയനാട് 74 ശതമാനവും പത്തനംതിട്ടയില്‍ 72 ശതമാനവും എറണാകുളത്ത് 71 ശതമാനവുമാണ് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചവരുടെ കണക്ക്. പത്തനംതിട്ടയിൽ ആകെ ജനസംഖ്യയുടെ 35 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചപ്പോൾ മലപ്പുറം ജില്ലയിൽ 15 ശതമാനം പേർക്ക് മാത്രമേ രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുള്ളൂ .

മലപ്പുറത്തെ കൂടാതെ പാലക്കാട് ജില്ലയാണ് രണ്ടു ഡോസ് വാക്‌സിനും ലഭിച്ചവർ 20 ശതമാനത്തിൽ താഴെയുള്ളത്. ജില്ലകൾക്ക് ജനസംഖ്യാനുപാതികമായി വാക്‌സിൻ ഡോസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. മലപ്പുറത്ത് വാക്സിനേഷന്‍ കുറവാണെന്ന പരാതി കഴിഞ്ഞ തവണ ഉയർന്നപ്പോള്‍ വാക്സിനേഷന് വേണ്ടി പ്രത്യേക പദ്ധതി മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചു.

എന്നാൽ അത് പ്രഖ്യാപനം മാത്രമായൊതുങ്ങി എന്നാണു കണക്കുകൾ തെളിയിക്കുന്നത്. മൂന്നാം തരംഗം ഉടന്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത്, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയിൽ വാക്സിനേഷൻ വർദ്ധിക്കുന്നതിൽ സർക്കാരിന്‍റെ സവിശേഷ ശ്രദ്ധയുണ്ടാകണമെന്നാണ് ജില്ലയില്‍ നിന്നും ഉയരുന്ന മുറവിളി.