Mon. Dec 23rd, 2024
പാറശാല:

വാക്സീൻ വിതരണത്തിൽ പക്ഷപാതം അലയടിക്കുന്ന പാറശാലയിൽ സ്പോട്ട് ക്യാംപിൽ നൽകേണ്ട 500 ടോക്കൺ പഞ്ചായത്ത് ഭാരവാഹികൾ തലേദിവസം കൈവശപ്പെടുത്തി എന്ന് ആരോപണം. കഴിഞ്ഞ ദിവസം പാറശാലയിലെ സ്വകാര്യ ഒ‍ാഡിറ്റോറിയത്തിൽ 500 പേർക്ക് സ്പോട്ട് ടോക്കൺ‌ അടിസ്ഥാനത്തിലും, 100 പേർക്ക് ഒ‍ാൺലൈൻ മുഖേനയും വഴി 600 പേർക്ക് വാക്സീൻ നൽകിയ ക്യാംപ് ആണ് വിവാദമായിരിക്കുന്നത്.

സ്പോട്ടിൽ നൽകേണ്ട 500 ടോക്കൺ വ്യാഴം രാത്രി പഞ്ചായത്ത് ഭാരവാഹികൾ കർശനമായി ആവശ്യപ്പെട്ടതായി വാക്സിനേഷന്റെ ചുമതലയുള്ള പരശുവയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ പറയുന്നു. ടോക്കൺ തലേദിവസം നൽകിയെന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആരോപണം പാറശാല പഞ്ചായത്ത് ഭാരവാഹികൾ നിഷേധിച്ചു. ടോക്കൺ നേരത്തെ ലഭിച്ചിട്ടില്ലെന്നും വെള്ളി രാവിലെ സ്പോട്ടിൽ എത്തിയവർക്ക് ജീവനക്കാർ തന്നെ ടോക്കൺ നൽകി എന്നാണ് പ്രസിഡന്റിന്റെ വിശദീകരണം.

വെള്ളി വൈകിട്ട് പരശുവയ്ക്കൽ ആശുപത്രിയിൽ രഹസ്യമായി വാക്സിൻ വിതരണം നടക്കുന്നെന്ന് കാട്ടി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ ആശുപത്രിയിൽ എത്തിയത് വാക്കേറ്റത്തിന് ഇടയാക്കി. വാക്സീൻ ഇല്ലെന്ന് ബോധ്യപ്പെടുത്തി ക്യാംപിൽ എത്തിയവരെ മടക്കി അയച്ച ശേഷം 26 പേർക്ക് ആശുപത്രിയിൽ വിളിച്ച് വരുത്തി വാക്സീൻ നൽകി എന്നാണ് ഭാരവാഹികളുടെ ആരോപണം.

600 പേർക്ക് നൽകേണ്ട വാക്സിൻ 653 പേർക്ക് നൽകി ആണ് ജീവനക്കാർ ക്യാംപിൽ നിന്ന് മടങ്ങിയത്. ക്യാംപിൽ നിന്ന് വാക്സീൻ സ്വീകരിച്ചവരിൽ ഏതാനും പേർക്ക് ഒ‍ാൺലൈൻ സംവിധാനത്തിലെ തകരാർ മൂലം ഡിഎംഒയുടെ നിർദേശ പ്രകാരം സർട്ടിഫിക്കറ്റ് എഴുതി നൽകാൻ ആണ് ആശുപത്രിയിലേക്ക് വിളിച്ചത്.

നേരത്തെ ഒ‍ാൺലൈനിൽ ബുക്ക് ചെയ്തിരുന്നവർക്ക് സ്പോട് വാക്സീൻ നൽകുമ്പോൾ ഫോൺ, ആധാർ നമ്പർ എന്നിവ മാറ്റി നൽകിയാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭ്യമാകൂ. രേഖകൾ ഹാജരാക്കാൻ എത്തിയവരെ സംഘമായി എത്തിയ ഭാരവാഹികൾ വിരട്ടി ഒ‍ാടിച്ചു. ഇവർ വാക്സീൻ സ്വീകരിക്കാൻ എത്തിയെന്ന് തെറ്റിദ്ധരിച്ചാണ് പ്രസിഡന്റ് അടക്കം ഉള്ളവർ എത്തിയതെന്നും സൂചനകൾ‌ ഉണ്ട്.

പാറശാല പഞ്ചായത്തിൽ അടുത്തിടെ നടന്ന സ്പോട്ട് വാക്സിനേഷൻ ക്യാംപിൽ ടോക്കൺ നേരത്തെ തരപ്പെടുത്തി വേണ്ടപ്പെട്ടവർക്ക് നൽകുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. രണ്ട് ആഴ്ച മുൻപ് പാറശാല ഗവ സ്കൂളിൽ നടന്ന ക്യാംപിൽ വെളുപ്പിന് നാലു മണിക്ക് വരിയിൽ നാൽപതാമനായി ഇടംപിടിച്ച യുവാവിന് ലഭിച്ചത് ടോക്കൺ നമ്പർ 167 . വരിയിൽ നിന്ന 200 ഒ‍ാളം പേരിൽ‌ 60 ഒ‌ാളം പേർക്ക് മാത്രം ആണ് നേരിട്ട് ടോക്കൺ ലഭിച്ചത്.

By Divya