കൊച്ചി:
കൊവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാതെ നിരവധിപേർ. വാക്സിനേഷനുശേഷം സ്ഥിരീകരണ മെസേജ് ലഭിക്കാത്തതും കൊവിൻ പോർട്ടലിൽ ഒന്നാം ഡോസ് സ്വീകരിച്ചെന്ന് രേഖപ്പെടുത്താത്തതും മൂലം ആശങ്കയിലാണ് വാക്സിനെടുത്തവർ. എറണാകുളം ജില്ലയിലെ സ്വകാര്യ ബാങ്ക് അധികൃതർ തങ്ങളുടെ ആയിരത്തോളം ജീവനക്കാർക്ക് നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ 220 പേർക്ക് ഒന്നാം ഡോസ് സ്വീകരിച്ചെന്ന സർട്ടിഫിക്കറ്റോ സ്ഥിരീകരണ മെസേജോ ലഭിച്ചിട്ടില്ല.
പരാതി അറിയിക്കാൻ വിളിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. സാങ്കേതിക തകരാറോ രജിസ്ട്രേഷൻ സമയത്തെ പിശകോ ആയിരിക്കാം കാരണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, പരാതി അറിയിച്ചവർക്ക് വ്യത്യസ്ത പരിഹാരമാർഗങ്ങളാണ് അധികൃതരിൽനിന്ന് ലഭിക്കുന്നത്. വാക്സിനേഷൻ കൺട്രോൾ റൂം നമ്പറിൽ വിളിച്ചപ്പോൾ ഒന്നാം ഡോസ് സ്വീകരിച്ച േകന്ദ്രത്തിൽ വീണ്ടും പോയി സർട്ടിഫിക്കറ്റ് എഴുതിവാങ്ങണമെന്ന മറുപടിയാണ് പലർക്കും ലഭിച്ചത്. വിദൂര സ്ഥലങ്ങളിൽ വാക്സിൻകേന്ദ്രം ലഭിച്ച മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർ ഇതിനായി വീണ്ടും അവിടെ എത്തേണ്ട സ്ഥിതിയാണ്.
രണ്ടാം ഡോസിന് സമയമാകുമ്പോൾ കൊവിൻ പോർട്ടലിൽ ഒന്നാം ഡോസെന്ന് രജിസ്റ്റർ ചെയ്ത് സെൻററിലെത്തി, എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ രണ്ടാം ഡോസ് സ്വീകരിക്കാമെന്നും അവർ പറയുന്നു. അപ്പോൾ കോവിൻ പോർട്ടലിൽ ഒന്നാം ഡോസ് സ്വീകരിച്ചു എന്ന സർട്ടിഫിക്കറ്റല്ലേ ലഭിക്കൂ എന്ന് പരാതിക്കാർ ചോദിക്കുന്നു. അന്നും സാേങ്കതിക തടസ്സം മൂലം സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ എന്തുചെയ്യുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.
അതേസമയം, ഒന്നാം ഡോസ് എടുത്ത സെൻററിലെ രജിസ്റ്ററിൽ സ്വീകർത്താവിെൻറ വിവരങ്ങളുണ്ടാകുമെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് എറണാകുളം ജില്ല വാക്സിനേഷൻ നോഡൽ ഓഫിസർ ഡോ. ശിവദാസ് പറഞ്ഞു. സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ രണ്ടാം ഡോസിന് സമയമാകുമ്പോൾ ഷെഡ്യൂൾ ചെയ്യാതെ തന്നെ ഒന്നാം ഡോസെടുത്ത അതേ സെൻററിൽ നേരിട്ടെത്തി വിവരം അറിയിച്ച് വാക്സിൻ സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇവർക്ക് 84 ദിവസത്തിനുള്ളിൽ ലഭിക്കേണ്ട രണ്ടാം ഡോസ് 100 ദിവസത്തിനുശേഷമേ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മറ്റുചിലർക്ക് ഒന്നാം ഡോസ് എടുത്തെന്ന് പോർട്ടലിൽ രേഖപ്പെടുത്തി നൽകിയെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. തങ്ങളുടെ പിശകുകൊണ്ടല്ലാതെ വാക്സിനേഷന് കാലതാമസം നേരിടേണ്ടിവരുകയാണെന്നും ഒരിക്കൽ വാക്സിന് വേണ്ടി ക്യൂ നിന്നവർ വീണ്ടും അതേ സെൻററിലെത്തി സർട്ടിഫിക്കറ്റിന് കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.