Fri. Mar 29th, 2024

കൊച്ചി:

നഗരഹൃദയത്തിൽനിന്ന്‌ കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള മെട്രോ റെയിൽ സർവീസ്‌ പ്രതീക്ഷയുടെ പാളത്തിൽ‌. മെട്രോ രണ്ടാംഘട്ടത്തിന്‌ ഉടൻ അനുമതി നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം പരിഗണിക്കുമെന്ന്‌ ചൊവ്വാഴ്‌ച കേന്ദ്രസർക്കാർ ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ്‌സിങ്‌ പുരിയെയും മുഖ്യമന്ത്രി നേരിൽക്കണ്ടു.

അനുമതി ലഭിച്ചാൽ മെട്രോ തൂണുകളുടെ പണി ആരംഭിക്കാനാകുംവിധം കെഎംആർഎൽ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിവരികയാണ്‌. കലക്ടറേറ്റിൽ ലാൻഡ്‌ അക്വസിഷൻ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ സ്ഥലമേറ്റെടുക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്‌. കലൂർ സ്റ്റേഡിയംമുതൽ കാക്കനാട്‌ ഇൻഫോപാർക്കുവരെയുള്ള 11.2 കിലോമീറ്റർ മെട്രോ പാതയിൽ 11 സ്‌റ്റേഷനുകളുണ്ടാകും.

ഇൻഫോപാർക്ക്‌, കാക്കനാട്‌ വാട്ടർമെട്രോ ജെട്ടികൾ മെട്രോ സ്‌റ്റേഷനടുത്താകും. കാക്കനാട്‌ അർധ അതിവേഗ റെയിൽവേ സ്‌റ്റേഷനടുത്താകും മെട്രോ സ്ട്രേഷൻ. 1957.05 കോടി രൂപയാണ്‌ പദ്ധതിച്ചെലവ്‌.

പദ്ധതിക്കായി 166 പ്ലോട്ടുകളാണ്‌ ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത്‌. ഇവയുടെ വിലനിർണയും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായി. പാലാരിവട്ടംമുതൽ കാക്കനാടുവരെ ആദ്യഘട്ടവും പാലാരിവട്ടംമുതൽ കലൂർ സ്‌റ്റേഡിയംവരെ രണ്ടാംഘട്ടവുമായാണ്‌ സ്ഥലമേറ്റെടുക്കുന്നത്‌.

By Rathi N