Fri. Mar 29th, 2024
കല്ലുവാതുക്കൽ:

പഞ്ചായത്തിൽ വാർഷിക പദ്ധതിയിലെ പട്ടികജാതി കുടുംബങ്ങൾക്കു ശുദ്ധജലം ശേഖരിക്കുന്നതിനുള്ള ജല സംഭരണി, പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിൽ എന്നിവയുടെ വിതരണം വൈകുന്നു. കട്ടിലും ജലസംഭരണിയും എത്തിയിട്ടും വിതരണം ചെയ്യാത്തത് ഗുണഭോക്താക്കളെ വലയ്ക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതികളാണ് മുടങ്ങി കിടക്കുന്നത്.

പട്ടികജാതി വിഭാഗത്തിൽ 60 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കായി കട്ടിൽ സൗജന്യമായി നൽകുന്നത്. 112 ഗുണഭോക്താക്കളാണ് ഉള്ളത്. 4,87,200 രൂപയുടെ പദ്ധതിയാണിത്.

ശുദ്ധജലം ശേഖരിക്കുന്നതിനു പിവിസി ജലസംഭരണി വിതരണ പദ്ധതിയിൽ 117 ഗുണഭോക്താക്കളാണ് ഉള്ളത്. ഓരോരുത്തരും 975 രൂപ ഗുണഭോക്തൃ വിഹിതം അടച്ചു മാസങ്ങളായി കാത്തിരിക്കുകയാണ്.

കട്ടിൽ, ജലസംഭരണി എന്നിവ നേരത്തെ തന്നെ പഞ്ചായത്തിൽ എത്തിയെങ്കിലും വിതരണം ചെയ്യാതെ പാരിപ്പള്ളിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉപയോഗമില്ലാതെ കെട്ടിക്കിടക്കുന്നത് നാശത്തിനു കാരണമാകും. രോഗങ്ങളും മറ്റും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികജാതി വയോജനങ്ങൾക്ക് കട്ടിൽ ലഭിക്കുന്നത് വലിയ ആശ്വാസമാണ്.

കോവിഡും കോവിഡനന്തര രോഗങ്ങളിൽ അവശത അനുഭവിക്കുന്ന ഒട്ടേറെ പട്ടികജാതി വയോജനങ്ങൾ പായ് വിരിച്ചു നിലത്തു കിടക്കുമ്പോൾ കട്ടിൽ വിതരണം ചെയ്യാതെ പിടിച്ചു വച്ചിരിക്കുന്നതായി എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്വി ജയൻ ആരോപിച്ചു.

TAGS:

By Divya