കൊച്ചി:
ബിജെപി – ആർഎസ്എസ് നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. കൊടകര കള്ളപ്പണക്കേസും ബിജെപിയിലെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. നേരത്തെ കൊച്ചിയിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ വിമർശനം ഉയർന്നിരുന്നു. വിവാദങ്ങൾ വരിവരിയായി ബിജെപിയെ തുറിച്ച് നോക്കുമ്പോഴാണ് നിർണായക നേതൃയോഗം കൊച്ചിയിൽ ചേരുന്നത്.
നിലവിലെ പ്രശ്നങ്ങളിൽ ആർഎസ്എസിനും അതൃപ്തിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുതിർന്ന നേതാക്കൾ യോഗം ചേരുന്നത്. കൊടകര കള്ളപ്പണക്കേസില്‍ ബിജെപി പ്രതിരോധത്തിലാണ്. കേസിൽ തെളിവെടുക്കുന്നതിന് രണ്ട് ജില്ലാ ഭാരവാഹികളെയും ഉയർന്ന പദവി വഹിക്കുന്ന നേതാവിനെയും അന്വേഷണസംഘം വിളിച്ചുവരുത്തിയതോടെ പാർട്ടിയിൽ ആർക്കും പങ്കില്ലെന്ന വാദം ദുര്‍ബലമായിരുന്നു.
സി കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിലും സുരേന്ദ്രന്‍ പ്രതിരോധത്തിലാണ്. സംഭവത്തില്‍ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രൻ സികെ ജാനുവിന് പണം നൽകിയെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവായ പ്രസീത അഴീക്കോടാണ് ആരോപിച്ചിരുന്നു.
സുരേന്ദ്രനുമായുള്ള ടെലഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖകളും വാട്സാപ്പ് സന്ദേശങ്ങളും ഇവർ പുറത്ത് വിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയത് ബിജെപി പണവും ഫോണും നൽകിയെന്ന ആരോപണവും തലവേദനയായി നേതൃത്വത്തിന് മുമ്പിലുണ്ട്.