ന്യൂഡൽഹി:
ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന തിരിച്ചറിയണം, അത് അവരുടെ തെറ്റല്ലെന്നും രാഹുൽ പറഞ്ഞു.
തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസർക്കാരിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുൽ കൂട്ടിച്ചേർത്തു. മൃതദേഹങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങൾ കാണുന്നതിൽ വിഷമത്തിലാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസ്സിലാക്കണം – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കൊവിഡ് ബാധിച്ച് മരിച്ചവരുടേതെന്ന് സംശിയിക്കുന്ന നൂറ് കണക്കിന് മൃതദേഹങ്ങൾ ഗംഗാ നദിയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. കേന്ദ്രത്തിന്റെ കൊവിഡ് നയങ്ങളെ ശക്തമായി വിമർശിക്കുകയാണ് കോൺഗ്രസ്.