Fri. Mar 29th, 2024
തിരുവനന്തപുരം:

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഈ മാസം 30 വരെ നീട്ടി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഇന്നു രാവിലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. മലപ്പുറത്തു ട്രിപ്പിൾ ലോക്ഡൗൺ തുടരും.

മലപ്പുറം ഒഴികെയുള്ള 3 ജില്ലകളിൽ കൊവിഡ് രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 25 ശതമാനത്തിനു താഴെയാവുകയും സജീവ കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് സാധാരണ ലോക്ഡൗണിലേക്കു മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കൊവിഡ് ബാധിച്ചു വീടുകളിൽ കഴിയുന്നവർ പുറത്തു പോകാതെ നോക്കാൻ നിരീക്ഷണം ശക്തമാക്കി. ഇങ്ങനെ കഴിയുന്നവർ വീടുകളിൽ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനു പൊലീസ് കൺട്രോൾ റൂമിൽ നിന്നു ഫോൺ ചെയ്ത് അന്വേഷിക്കും.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിർമാണപ്രവർത്തനം നടത്തുന്നതിനു തടസ്സമില്ല. നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾക്കു പ്രവർത്തനാനുമതിയുണ്ട്. ഇതു നടപ്പായില്ലെങ്കിൽ പ്രത്യേക നിർദേശം നൽകും.

കൃഷിക്കാർക്കു വിത്തിറക്കാനുള്ള ക്രമീകരണങ്ങൾക്കായി പ്രത്യേക ഇളവ് നൽകും. വിത്തിറക്കാനും കൃഷിപ്പണിക്കും പോകുന്നവർക്കു പാസ് വേണ്ട; സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം കരുതണം.

By Divya