തൃശ്ശൂര്‍:
കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ബിജെപി – ആര്‍എസ്എസ് നേതാക്കളെ ശനിയാഴ്ച ചോദ്യം ചെയ്യും. തൃശ്ശൂരിലെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആര്‍എസ്എസ് മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
ഇവരോട് ശനിയാഴ്ച രാവിലെ തന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃശ്ശൂരില്‍ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇവരെ ചോദ്യംചെയ്യുക.
മൂന്ന് പേര്‍ക്കും കുഴല്‍പ്പണം തട്ടിയ സംഭവത്തില്‍ പങ്കുണ്ടെന്നാണ് സൂചന. നേരത്തെ കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജ് എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.ബിസിനസുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്‍കിയ പണമാണ് ഇതെന്നായിരുന്നു ധര്‍മരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഇതുവരെയും എത്തിച്ചിട്ടില്ല.
മുമ്പ് വാഹനാപകടമുണ്ടാക്കി കാറില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ധര്‍മരാജ് പരാതി നല്‍കിയിരുന്നത്. ഡ്രൈവര്‍ ഷംജീറിനെതിരെയായിരുന്നു പരാതി. ഇതിനോടകം വിവിധ ആളുകളില്‍ നിന്നായി ഒരു കോടിയിലേറെ രൂപ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.