Fri. Apr 26th, 2024
തിരുവനന്തപുരം:

കോൺ​ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് ലീ​ഗ് മുഖപത്രം ചന്ദ്രിക. ‘അനിശ്ചിതത്വത്തിൻ്റെ വില’ എന്ന തലക്കെട്ടിലാണ് കോൺഗ്രസിനെ ലീഗ് മുഖപത്രം രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരണമെന്ന് മുഖപ്രസംഗത്തിൽ ചന്ദ്രിക ആവശ്യപ്പെടുന്നു.

നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിനെ ഉടൻ തീരുമാനിക്കണം. നേതൃമാറ്റത്തിൻ്റെ അനിവാര്യത കോൺഗ്രസ് നേതാക്കൾ തിരിച്ചറിയണം. കോൺഗ്രസിൻ്റെ താഴേത്തട്ടിൽ തുറന്ന ആശയവിനിമയം ഉണ്ടാവണം. സംഘടനാ തലത്തിൽ പുതുനിരയെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

കോൺ​ഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധർമമല്ല. മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ അഭിപ്രായ ഭിന്നതകൾ പരസ്യമാക്കുന്നു. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നന്നല്ല. കേരളത്തിൽ പ്രതിപക്ഷത്തിന് മുന്നിൽ ഇനിയുള്ളത് ഭ​ഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതിജീവിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ഇതിനിടെ, കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമാണ്. തൻ്റെ നിലപാട് എഐസിസിക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ചർച്ചനടത്തിയിട്ടില്ല. ബോധപൂർവം സൃഷ്ടിക്കപ്പെട്ട വാർത്തകളിൽ പ്രവർത്തകർ വീണുപോകരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശന് ഒപ്പം പി ടി തോമസിന്റെ പേരും പരിഗണിക്കുന്നുണ്ട്. വി ഡി സതീശന് എതിരെയുള്ള മുതിർന്ന നേതാക്കളുടെ സമ്മർദ്ദം ശക്തമായതോടെയാണ് പി ടി തോമസിനെയും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് കമൽനാഥും ചിദംബരവും അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

By Divya