Fri. Apr 19th, 2024
ദുബൈ:

ഇരട്ടക്കുട്ടികളുടെ പിതാവായ സന്തോഷം പങ്കുവെച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കുട്ടികളെ കൈയിലെടുത്തുകൊണ്ടുള്ള ചിത്രം വെള്ളിയാഴ്‍ചയാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തത്.

വ്യാഴാഴ്‍ചയാണ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനും ഭാര്യ ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനും ഒരു ആണ്‍ കുഞ്ഞും പെണ്‍കുഞ്ഞും ജനിച്ചത്. രണ്ട് പേരെയും ഇരുകൈകളിലുമായെടുത്ത്, ശൈഖ് റാഷിദ് ബിന്‍ സഈദിന്റെ ചിത്രത്തിന് മുന്നിലിരിക്കുന്ന ഫോട്ടോയാണ് ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ദുബൈ കിരീടാവകാശി പങ്കുവെച്ചത്.

ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നാല് ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്‍തിരിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാധാരണക്കാരുമടക്കം നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദന സന്ദേശമയച്ചു.

ശൈഖ് ഹംദാന്റെ മകള്‍ക്ക് ശൈഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നും മകന് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നുമാണ് പേരിട്ടിരിക്കുന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അധികൃതര്‍ അറിയിച്ചു. ശൈഖ് ഹംദാന്റെ സഹോദരിമാരായ ശൈഖ് ലത്വീഫ, ശൈഖ് മറിയം എന്നിവരും ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ചുവടെ അഭിനന്ദന സന്ദേശങ്ങള്‍ കമന്റ് ചെയ്‍തിട്ടുണ്ട്.

By Divya