Wed. Jan 22nd, 2025
പരിഭ്രാന്തി പടർത്തി ബ്ലാക്ക് ഫംഗസ് ; അറിയേണ്ടതെല്ലാം

കോവിഡ് രോഗികളിലും രോഗം ഭേദമായവരിലും കാണപ്പെടുന്ന ബ്ലാക്ക് ഫംഗസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ 2000 പേരെ രോഗം ബാധിച്ചെന്നും 52 പേർ മരണമടഞ്ഞെന്നും ചിലർക്ക് കാഴ്ചനഷ്ടപ്പെട്ടെന്നും ഡൽഹിയിലും രോഗം ഒട്ടേറെപ്പെരെ രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോർറ്റുകൾ വന്നതിനു പുറമെ കേരളത്തിൽ മലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫങ്കസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്.

എന്താണ് ബ്ലാക്ക് ഫംഗസ് ?

മൂക്കിനെയും അതിനു ചുറ്റുമുള്ള സൈനസുകളെയും ബാധിക്കുന്ന ഒരു ഫംഗസ് അണുബാധയാണ് ഇത്. Mucormycosis എന്ന് പറയും. Mucor, rhizopus വിഭാഗത്തിൽപ്പെട്ട ഫംഗസുകൾ മൂക്കിന് അകത്തും സൈനസിലും ഉള്ള ശ്ലേഷ്മ പാളികളെയും എല്ലുകളെയും വളരെ പെട്ടെന്ന് നശിപ്പിക്കുകയും കണ്ണിലേക്കും തലച്ചോറിലേക്കും ഒക്കെ പെട്ടെന്ന് തന്നെ വ്യാപിക്കാൻ സാധ്യതയുള്ളതുമായ വളരെ അപകടകരമായ ഒരു രോഗമാണിത്. പെട്ടെന്നുതന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്തിട്ടില്ലെങ്കിൽ മാരകമാണ്. മരണം വരെ സംഭവിക്കാം.

എങ്ങനെയാണു ഈ രോഗം വരുന്നത് ?

സാധാരണയായി വായുവിലൂടെ ശ്വാസകോശം വഴി രോഗാണു പ്രവേശിക്കുന്നു. ഓക്സിജനിലൂടെയും വെള്ളത്തിലൂടെയും വരുമെന്ന വാർത്തകൾ ശാസ്ത്രീയമല്ല. നമ്മുടെ നാട്ടിലെ കാലാവസ്ഥ ഈ ഫങ്കസിനു പൊതുവെ അനുകൂലമാണെന്ന് പറയാം. നമ്മുടെ വീട്ടിനകത്തും പുറത്തുമെല്ലാം ഈ ഫങ്കസ് ഉണ്ടാകും. സാധാരണഗതിയിൽ ഇത് രോഗമുണ്ടാക്കാത്തതിനാൽ നാം അറിയുന്നില്ലെന്നു മാത്രം.

കൊറോണാ പോലെ പുതുതായി കണ്ടുപിടിക്കപ്പെട്ടതോ ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പുതുതായി പകർന്നതോ ആണോ ഈ ഫംഗസ് ?

അല്ല. ഈ അസുഖം നേരത്തെ അറിയപ്പെടുന്നതാണ്. ഒരുപാട് കേസുകൾ കാണുന്നതും ചികിത്സിക്കുന്നതും ആണ്. ഈ ഫംഗസുകളുടെ സ്പോറുകൾ അന്തരീക്ഷവായുവിൽ സാധാരണഗതിയിൽ തന്നെ ഉള്ളവ മാത്രമാണ്. ബ്രെഡിലും മറ്റു ഭക്ഷണസാധനങ്ങളും ഒക്കെ വരുന്ന പൂപ്പലുകൾ ഈ തരം ഫംഗസുകൾ തന്നെയാണ്. അന്തരീക്ഷവായുവിൽ ഉള്ള ഫംഗസ് സ്പോറുകൾ ബ്രെഡ്ഡിലും മറ്റു ഭക്ഷണങ്ങളിലും ഒക്കെ പറ്റിപ്പിടിച്ച് വളർന്നാണ് പൂപ്പൽ ബാധ ഉണ്ടാക്കുന്നത്. ആ ഫാമിലിയിൽ പെട്ട പൂപ്പലുകൾ തന്നെയാണ് മനുഷ്യരിലും രോഗമുണ്ടാക്കുന്നത്.

ഈ ഫംഗസ് അന്തരീക്ഷത്തിൽ സ്വാഭാവികമായി കാണുന്ന ഒന്നാണെങ്കിൽ എന്തുകൊണ്ടാണ് ചില ആളുകളിൽ ഇത്തരം മാരകമായ അസുഖം ഉണ്ടാക്കുന്നത് ?

ബ്ലാക്ക് ഫംഗസ് സാധാരണ പ്രതിരോധശേഷിയുള്ള ആളുകളിൽ യാതൊരുവിധ രോഗങ്ങളും ഉണ്ടാക്കുന്നതല്ല. എന്നാൽ ചില സാഹചര്യങ്ങളിൽ രോഗപ്രതിരോധശേഷി വല്ലാതെ കുറവുള്ള ആളുകൾക്ക് ഈ സാധാരണ ഫംഗസ് പോലും വളരെ അപകടകാരിയായി മാറും. ഒരുപാട് വർഷങ്ങളായുള്ള വളരെ അനിയന്ത്രിതമായ പ്രമേഹരോഗികൾ, കാൻസർ കീമോ തെറാപ്പി ചെയ്യുന്നവർ, സ്റ്റിറോയ്ഡ് ചികിത്സകൾ എടുക്കുന്നവർ, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായ immunosuppressant മരുന്നുകളും സ്റ്റീറോയ്ഡുകളും കഴിച്ചുകൊണ്ടിരിക്കുന്നവർ, എയ്ഡ്സ് രോഗികൾ തുടങ്ങി ശരീരത്തിലെ സ്വാഭാവിക രോഗപ്രതിരോധശേഷി വളരെ കുറവുള്ള രോഗികൾക്ക് മാത്രമാണ് ഈ ബ്ലാക്ക് ഫംഗസ്, രോഗം ഉണ്ടാക്കുന്നത്. മറ്റുള്ളവരിൽ ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാകുകയില്ല. അതുകൊണ്ട് ഇത്തരം അവസ്ഥകൾ ഇല്ലാത്ത നോർമൽ ആയ രോഗപ്രതിരോധശേഷിയുള്ള സാധാരണക്കാർ പേടിക്കേണ്ടതില്ല.

അങ്ങനെയാണെങ്കിൽ ഇപ്പോൾ കൊറോണ രോഗികളിൽ എന്തുകൊണ്ടാണ് ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാകുന്നത് ?

കൊറോണ രോഗികളിൽ നല്ലൊരു ശതമാനം പ്രമേഹരോഗികൾ കൂടെയാണ്. കൊറോണോ ചികിത്സയിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഔഷധമാണ് സ്റ്റിറോയ്ഡുകൾ. കൊറോണയുടെ ആദ്യകാലങ്ങളിൽ വളരെ ഉയർന്നു നിന്നിരുന്ന മരണനിരക്ക് ഇപ്പോൾ ഗണ്യമായി കുറഞ്ഞതിന് കാരണം സ്റ്റിറോയ്ഡുകളുടെ ഉപയോഗമാണ്. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്ന് ആയതുകൊണ്ട് തന്നെ സ്റ്റിറോയ്ഡുകൾക്ക് അതിൻറെതായ റിസ്കും ഉണ്ട്. അതിൽപെട്ട ഒന്നാണ് ഇപ്പോൾ കൊറോണ രോഗികളിൽ കാണുന്ന ഈയൊരു കൂടിയ നിരക്കിലുള്ള ബ്ലാക്ക് ഫംഗസ് ബാധ. ലക്ഷക്കണക്കിന് ആളുകൾക്ക് കൊറോണ ബാധിക്കുകയും അവരിൽ പലരും സ്റ്റിറോയ്ഡ് ട്രീറ്റ്മെൻറ് എടുക്കുകയും ചെയ്യുമ്പോൾ ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുന്നത് സ്വാഭാവികം മാത്രമാണ്.

കൊറോണ പോലെ ഇത് മറ്റുള്ളവരിലേക്ക് പകരുമോ ?

ഇല്ല. സാധാരണ രോഗപ്രതിരോധശേഷിയുള്ള ആളുകളിലേക്ക് പകരുന്ന പ്രശ്നമില്ല. ഈ ഫംഗസ് സ്വാഭാവികമായിത്തന്നെ അന്തരീക്ഷത്തിൽ ഉള്ളതാണ്. നമുക്കൊന്നും രോഗം കിട്ടാത്തത് നമ്മുടെ രോഗപ്രതിരോധശേഷി നോർമൽ ആയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ രോഗിയിൽ നിന്നും പകരാനുള്ള സാധ്യത ഇല്ല .

എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ എങ്ങനെയാണ് ഇത് തിരിച്ചറിയുക ?

നിങ്ങൾ ഒട്ടും ഷുഗർ കണ്ട്രോൾ ഇല്ലാത്ത പ്രമേഹരോഗിയോ സ്റ്റിറോയ്ഡ് ട്രീറ്റ്മെൻറ് എടുക്കുന്ന ആളോ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ ആളോ, രോഗപ്രതിരോധശേഷി കുറവുള്ള അവസ്ഥയുള്ള ആളോ ആണെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ശക്തമായ തലവേദനയാണ് പ്രധാന ലക്ഷണം. മൂക്കടപ്പ്, കണ്ണുവേദന, കാഴ്ചത്തകരാറുകൾ, മൂക്കിൽ നിന്നും ചിലപ്പോൾ രക്തം വരുക, മുകൾപല്ലിനും പല്ലിനു മുകളിൽ ഉള്ള എല്ലുകളിലും ഒക്കെയുള്ള ശക്തമായ വേദന , മുഖത്തും കണ്ണിലും വീക്കം വരിക എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. ഇവ വല്ലതുമുണ്ടെങ്കിൽ നിർബന്ധമായും ഒരു ENT ഡോക്ടറെ കാണിച്ച് പരിശോധിക്കുക.

ഈ രോഗം എങ്ങനെ കണ്ടുപിടിക്കും?

രോഗലക്ഷണങ്ങൾ വിലയിരുത്തിയശേഷം എൻഡോസ്കോപ്പി, ബൈയോപ്സി, CT, MRI, എന്നിങ്ങനെയുള്ള വിശദപരിശോധനകൾ വേണ്ടിവരും.

ഇതിനു ചികിത്സ ഇല്ലേ ? വന്ന് കഴിഞ്ഞാൽ രോഗി മരിക്കുമോ ? ചികിത്സിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

മരണനിരക്കും കോംപ്ലിക്കേഷൻസും കൂടുതലാണെങ്കിലും നല്ലൊരു വിഭാഗം രോഗികളും ചികിത്സയിലൂടെ ഭേദപ്പെടാറുണ്ട് . amphotericin B എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. പ്രമേഹരോഗി ആണെങ്കിൽ വളരെ ഷുഗർ കണ്ട്രോൾ അത്യാവശ്യമാണ്. കുറേക്കാലം നീണ്ടുനിൽക്കുന്ന ചികിത്സയും ചിലപ്പോഴൊക്കെ സർജറികളും ആവശ്യമായി വരും. ഒരുപാട് ആഴ്ചകളോ മാസങ്ങളോ തന്നെ ഹോസ്പിറ്റലിൽ തങ്ങേണ്ടി വരും. amphotericin എന്ന മരുന്നിന് ഒരുപാട് പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ട് തന്നെ നിരന്തരമായുള്ള രക്ത പരിശോധനകളും ഡോസ് അഡ്ജസ്റ്റ്മെൻറ് കളും ഒക്കെ വേണ്ടി വരും. കൂടുതൽ സുരക്ഷിതമായ liposomal amphotericin B എന്ന മരുന്ന് വളരെ വില പിടിച്ചതുമാണ്. എന്തായാലും ചികിത്സ ചിലവ് വളരെ ഉയർന്നതാണ് എന്ന് വ്യക്തം. കണ്ണിലേക്കും മറ്റും രോഗം പടർന്നിട്ടുണ്ട് എങ്കിൽ ജീവൻ രക്ഷിക്കാനായി ചിലപ്പോൾ കണ്ണ് നീക്കം ചെയ്യേണ്ടി വരും. രോഗം പെട്ടെന്ന് തന്നെ കണ്ടുപിടിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തിട്ടില്ലെങ്കിൽ മരണ സാധ്യത വളരെ കൂടുതലാണ്. ചികിത്സിച്ചില്ലെങ്കിൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.

ഇത്രയും വിശദമായി രോഗത്തെ കുറിച്ച് അറിവ് പകർന്നത് ഡോക്ടർ ജൗസൽ സി പിയാണ് ഇത് പകരുന്ന രോഗം അല്ല എന്നാണ് അദ്ദേഹവും പറയുന്നത്.

തെറ്റായ സന്ദേശങ്ങളെയും പരിഭ്രതികളെയും ഒഴുവാക്കി കൊണ്ട് ഓർക്കേണ്ടതാണ് നിങ്ങൾ രോഗപ്രതിരോധശേഷി കുറവുള്ള ആളോ, അനിയന്ത്രിതമായ പ്രമേഹരോഗം ഉള്ള ആളോ, സ്റ്റിറോയ്ഡുകൾ എടുക്കുന്ന ആളോ അല്ലെങ്കിൽ പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇനി അഥവാ രോഗം വന്നാൽ തന്നെ ഭൂരിപക്ഷവും കൃത്യമായ ചികിത്സയിലൂടെ രോഗമുക്തിനേടാൻ കഴിയുന്നതുമാണ്.

ഇപ്പോൾ ലഭ്യമായിട്ടുള്ള ഫലപ്രദമായ ആധുനിക ആന്റി ഫംഗൽ മരുന്നുകളുപയോഗിച്ച് മൂക്കർ മൈക്കോസിസ് ചികിത്സിച്ച് ഭേദപ്പെടുത്താനും കഴിയും
കേരളത്തിൽ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വരുന്നതിനാൽ അപൂർവമായി മാത്രമാണ് ഈ രോഗം റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ളത്.
സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുക. പ്രമേഹരോഗികൾ  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുക. പോഷകസമൃദ്ധമായ ആഹാരം, വ്യായാമം, കൃത്യമായ ഉറക്കം, മാനസികാരോഗ്യം, വ്യക്തിശുചിത്വം എന്നിവയെല്ലാം പ്രധാനം.