Thu. Jan 23rd, 2025
തിരുവനന്തപുരം:

കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പെടുത്താത്തതില്‍ പ്രതിഷേധവുമായി സമൂഹമാധ്യമഗ്രൂപ്പുകളും സൈബര്‍ സഖാക്കളും. സിപിഎം തീരുമാനം തിരുത്തി ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പടുത്തണമെന്ന ആവശ്യവുമായി ഹാഷ്ടാഗ് ക്യാംപയിന്‍ തുടങ്ങി. നടിമാര്‍ ഉള്‍പെടെ സെലിബ്രിറ്റികള്‍ ഇതില്‍ പങ്കാളികളാകുന്നുണ്ട്. സിപിഎം നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രോളര്‍മാരും സജീവം.

പുതുമുഖങ്ങള്‍ നിറഞ്ഞ മന്ത്രിസഭ  എന്നതിനുപകരം കെകെ ശൈലജയെ ഒഴിവാക്കി മന്ത്രിസഭ എന്ന നിലയിലാണ്  പിണറായിയുടെ രണ്ടാം സര്‍ക്കാരിനെപ്പറ്റിയുളള സമൂഹമാധ്യമ ചര്‍ച്ച.  ഇടത് അനുകൂല പ്രൊഫൈലുകളും ഗ്രൂപ്പുകളും ശൈലജ ടീച്ചറെ അനുകൂലിച്ച് രംഗത്തെത്തി. പി ജയരാജന്‍ അനുകൂലികളുടെ ഫെയ്സ്ബുക് കൂട്ടായ്മ  പിജെ ആര്‍മി രൂക്ഷമായാണ് സിപിഎം തീരുമാനത്തോട് പ്രതികരിച്ചത്.

ശൈലജയുടെ മികവില്ലായിരുന്നുവെങ്കില്‍ തുടര്‍ഭരണം നഷ്ടമാകാന്‍ സാധ്യത തളളിക്കളയാനാകില്ലെന്നും പാര്‍ട്ടി തീരുമാനം തിരുത്തണമെന്നുമാണ് പോരാളി ഷാജി പേജിലെ കുറിപ്പ്.

‘പെണ്ണിനെന്താ കുഴപ്പം’ എന്ന ശൈലജയുടെ നിയസഭാപ്രസംഗം പരാമര്‍ശിച്ചാണ് നടി റിമ കല്ലിങ്കലിന്റെ രോഷം.  റിമയ്ക്ക് പുറമെ ഗീതു മോഹന്‍ദാസ്, റജീഷ, രേവതി സമ്പത്ത് ,  പാര്‍വതി,  തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികള്‍ ബ്രിങ്ബാക് ശൈലജ ടീച്ചര്‍ എന്ന ഹാഷ്ടാഗ് ക്യാംപയിനില്‍ പങ്കാളികളായി. 

കൊവിഡ് സാഹചര്യം തുടരുമ്പോള്‍ കെകെ ശൈലജയപ്പോലൊരാള്‍ ഇല്ലാതെ വരുന്നത് ആശങ്കാജനമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റുകള്‍ ഏറെയും. ഗൗരിയമ്മയ്ക്ക് പാര്‍ട്ടിയില്‍ നിന്നുണ്ടായ അനുഭവത്തെ താരതമ്യപ്പെടുത്തിയും പോസ്റ്റുകള്‍ ഒഴുകുന്നു.

അതേസമയം വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നും ഒരാളെയും വിഗ്രഹം ആക്കേണ്ട, പാർട്ടി തീരുമാനം ഏറ്റവും ശരിയെന്നുമുളള ന്യായീകരണങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. ടീച്ചറമ്മ എന്ന് വിളിച്ചവര്‍ ഇന്ന് വെറും കെ ശൈലജ എന്ന് മാറ്റിപ്പറയുന്നുവെന്നതടക്കം മുന്‍നിര്‍ത്തിയാണ് ട്രോളുകളേറയും.

By Divya