Mon. Dec 23rd, 2024
തിരുവനന്തപുരം:

പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്. കേരളത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതാകും പ്രഖ്യാപനം. നിയമസഭാ സമ്മേളനം ചേരുന്ന 24നു മുൻപായേ അന്തിമ തീരുമാനത്തിനു സാധ്യതയുള്ളൂ.

ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെ, വി വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം. എംഎൽഎമാരെ ഇവർ പ്രത്യേകം കണ്ടും അഭിപ്രായം ആരായും. രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, എംപിമാർ എന്നിവരോടും തലസ്ഥാനത്ത് എത്തിച്ചേരാൻ അഭ്യർഥിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായവും ചോദിക്കും.

രമേശ് ചെന്നിത്തലയുടെയും വിഡി സതീശന്റെയും പേരാണ് ഉയരുന്നത്. സീനിയോറിറ്റിയും പൊതു സ്വീകാര്യതയും കണക്കിലെടുത്ത് ചെന്നിത്തല തുടരണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. വലിയ തോൽവി സൃഷ്ടിച്ച നിരാശ മാറ്റി പ്രതീക്ഷ പകരാൻ സതീശനെ പോലെ ഒരു നേതാവ് വരണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും അഭിപ്രായപ്പെടുന്നു.

ഇരുവരും ഐ വിഭാഗത്തിൽ ഉള്ളവരാണ് എന്നതിനാൽ ഗ്രൂപ്പിന് ഇക്കാര്യത്തിൽ പൊതു നിലപാട് ഉണ്ടായിട്ടില്ല. ഐയിലെ ഭിന്നത മുതലെടുക്കാൻ ഇല്ലെന്ന സമീപനത്തിലാണ് എ വിഭാഗം. അഭിപ്രായ സമന്വയത്തിനു വേണ്ടി നിലകൊള്ളാനാണു തീരുമാനം.  നിലവിലെ സ്ഥിതി തുടരണമെന്നും അതല്ല, മാറ്റം വേണമെന്നും വാദിക്കുന്ന വിഭാഗങ്ങൾ എ ഗ്രൂപ്പിലുമുണ്ട്.

By Divya