Fri. Mar 29th, 2024
കൊൽക്കത്ത:

നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ ഹർജി രാത്രി അടിയന്തരമായി പരിഗണിച്ചാണ് നടപടി.

വ്യവസായികളായി എത്തിയ നാരദ ന്യൂസ് പോര്‍ട്ടൽ സംഘത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂൽ മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കീം, സുബ്രദാ മുഖര്‍ജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റര്‍ജി എന്നിവരെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.

നേതാക്കളുടെ അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെയും അറസ്റ്റ് ചെയ്യു എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ സിബിഐ ഓഫീസിലെത്തിയിരുന്നു. സിബിഐ ഓഫീസിൽ കുത്തിയിരുന്ന് മമത പ്രതിഷേധിച്ചു.  പുറത്ത് തൃണമൂൽ പ്രവര്‍ത്തകരും തടിച്ചുകൂടി.

ബാരിക്കേഡുകൾ തകര്‍ത്ത ഇവര്‍ സിബിഐ ഓഫീസിന് നേരെ കല്ലേറും നടത്തി. മണിക്കൂറുകൾ സംഘര്‍ഷം നീണ്ടു. ആറുമണിക്കൂറിലധികം സിബിഐ ഓഫീസിനുള്ളിൽ മമത പ്രതിഷേധവുമായി തുടര്‍ന്നു.

ക്രമസമാധാനം തകരുകയാണെന്നും നിയമവ്യവസ്ഥ അംഗീകരിക്കാൻ മമത ബാനര്‍ജി തയ്യാറാകണമെന്നും ഗവര്‍ണര്‍ ജഗ്ദീപ് ദാങ്കര്‍ ആവശ്യപ്പെട്ടു. നിയമ സംവിധാനത്തിനെതിരെ അക്രമത്തിന്  മുഖ്യമന്ത്രി തന്നെ ആഹ്വാനം ചെയ്യുകയാണെന്ന് ആരോപിച്ചു.

2014ൽ നാരദ ന്യൂസ് പോര്‍ട്ടൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ അന്നത്തെ ഏഴ് തൃണമൂൽ എംപിമാരും നാല് മന്ത്രിമാരും ഒരു എംഎൽഎയുമാണ് കൈക്കൂലി വാങ്ങിയത്. ബിജെപിയിൽ ചേര്‍ന്ന സുവേന്ദു അധികാരി, മുകുൾ റോയ് ഉൾപ്പടെയുള്ള നേതാക്കളും ഇതിലുണ്ട്. ഇവര്‍ക്കെതിരെ സിബിഐ നീങ്ങാത്തതും തൃണമൂൽ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു.

By Divya